
കോഴിക്കോട് : മാനാഞ്ചിറ എൽ.ഐ.സിക്ക് സമീപം മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് ലംഘിച്ച് വീണ്ടും നടപ്പാത കൈയേറിയ തെരുവുകച്ചവടക്കാരെ പൂർണമായും ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
മൂന്ന് സുപ്രധാന ചോദ്യങ്ങൾക്ക് കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി ഒരാഴ്ചക്കകം രേഖാമൂലം മറുപടി സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
തെരുവുകച്ചവടം അനുവദനീയമായ സ്ഥലങ്ങൾ കോർപ്പറേഷൻ പ്രഖ്യാപിച്ചിട്ടുണ്ടോ?
അങ്ങനെയാണെങ്കിൽ തെരുവ് കച്ചവടം നടത്തുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോ?
നടപ്പാതയിലും തിരക്കുള്ള റോഡുകളിലും ജംഗ്ഷനുകളിലും തെരുവ് കച്ചവടം നടത്താൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിൽ അതിന് പോലീസ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ടോ?
എൽ.ഐ.സി. ക്ക് സമീപം നടപ്പാതയിൽ തെരുവുകച്ചവടം നടത്താൻ പോലീസ് അനുമതി നൽകിയിട്ടുണ്ടോ എന്നതു പരിശോധിച്ച് ഒരാഴ്ചക്കകം സിറ്റി പോലീസ് കമ്മീഷണർ വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.കാൽനടയാത്രക്കാരുടെ മനുഷ്യാവകാശങ്ങളെ ബാധിക്കുന്നില്ലെങ്കിൽ തെരുവുകച്ചവടം നടത്തുന്നതിൽ കമ്മീഷന് എതിർപ്പില്ലെന്ന് ഉത്തരവിൽ പറയുന്നു. കാൽനടയാത്രക്കാരെ ബാധിക്കാത്ത തരത്തിൽ തെരുവുകച്ചവടം നടത്തേണ്ട സ്ഥലങ്ങൾ കോർപ്പറേഷൻ കണ്ടെത്തണമെന്നും കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. എൽ.ഐ.സി. പരിസരത്തുള്ള തെരുവുകച്ചവടക്കാരെ മറ്റാർക്കും ഉപദ്രവമുണ്ടാകാത്ത സ്ഥലത്തേക്ക് പുനരധിവസിപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
തെരുവുകച്ചവടക്കാരുടെ (ഉപജീവനസംരക്ഷണവും തെരുവുകച്ചവട നിയന്ത്രണവും) കമ്മിറ്റി ചെയർമാന്റെ നിർദ്ദേശാനുസരണമാണ് കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപ്പാതകളിൽ നിന്നും ഒഴിപ്പിച്ച കച്ചവടക്കാർ മടങ്ങിയെത്തിയത്. ഇതിനെതിരെ കമ്മീഷൻ നടപടി ആരംഭിച്ചിട്ടുണ്ട്.
കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.