
കോഴിക്കോട് : നിരവധി ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തിൽ പെടുത്തിയ ശല്യക്കാരായ പന്നികളെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. സിവിൽസ്റ്റേഷൻ – കോട്ടുളി റോഡിൽ വലിയ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ” സ്വകാര്യ വന” ത്തിലാണ് വനം വകുപ്പ് താമരശേരി ആർ ആർ ടി ഓഫീസർ ഷജീവിൻ്റെയും , മറ്റ് ആർ ആർ ടി അംഗങ്ങളുടേയും നേതൃത്വത്തിൽ കെണിയൊരുക്കിയത്. സിവിൽ സ്റ്റേഷന് 500 മീറ്റർ മാത്രം അകലെയായാണ് കാടുമൂടിക്കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ ഏക്കർ കണക്കിന് ഭൂമിയുള്ളത്. ഇതിനുള്ളിൽ പന്നികൾ, മുള്ളൻ, ഉടുമ്പ്, രാജവെമ്പാല, മൂർഖൻ, പെരുമ്പാമ്പ് തുടങ്ങിയവയുടെ വിഹാരകേന്ദ്രമാണെന്ന് പരിസരവാസികൾ പറയുന്നു. രാത്രി ഈ സ്വകാര്യ വനത്തിൽ നിന്ന് കൂട്ടമായിപുറത്തിറങ്ങുന്ന പന്നികൾ നിരവധി പേരെ അപകടത്തിൽ പെടുത്തിയിട്ടുണ്ട്. സിവിൽ റൈറ്റ്സ് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ.പി. അബ്ദുൾ ജലീലും ഇവയുടെ അക്രമത്തിനിരയായി സ്കൂട്ടറിൽ നിന്ന് വീണിരുന്നു. തുടർന്ന് അസോസിയേഷൻ നേതൃത്വം കോഴിക്കോട് ഡി എഫ് ഒയെ വിവരം അറിയിക്കുകയും അദ്ദേഹം ആർ ആർ ടി . ടീമിനെ നിയോഗിക്കുകയുമായിരുന്നു. ഇത്രയും വിസ്തൃതിയിൽ ഭൂമി കാടുമൂടിക്കിടക്കുന്നതിനാൽ അപകടകാരികളായ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായി മാറാൻ സാധ്യതയുണ്ടെന്ന് വനം വകുപ്പ് പരിസരവാസികൾക്ക് മുന്നറിയിപ്പ് നൽകി. തുടർന്ന് നാട്ടുകാർ വാർഡ് കൗൺസിലർ എം.എൻ പ്രവീൺ, നഗരസഭാ സെക്രട്ടറി കെ.യു. ബിനി എന്നിവരുമായി ബന്ധപെട്ടു. സ്ഥലം ഉടമയെ കണ്ടെത്തി ഉടൻ കാടുവെട്ടിക്കാൻ നഗരസഭാ സെക്രട്ടറി ഹെൽത്ത് വിഭാഗത്തിന് നിർദ്ദേശം നൽകി. വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷനും ഇടപെട്ടിട്ടുണ്ട്. റിട്ട. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.വി. ഫ്രാൻസിസിൻ്റെ വീടിനു മുന്നിൽ പന്നിയിടിച്ച സ്കൂട്ടർ യാത്രക്കാരൻ അപകടത്തിൽ പെടുന്നതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ ഫ്രാൻസിസിൻ്റെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്കൂട്ടർ സമീപത്തെ മതിലിൽ തട്ടിയാണ് അപകടം ഉണ്ടായത്. വനം വകുപ്പ് ഒരുക്കിയ കെണിയിൽ ശല്യക്കാരായ വന്യമൃഗങ്ങൾ കുടുങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.