
കോഴിക്കോട് (വടകര) : തോടന്നൂരിൽ മരം വീണതിനെത്തുടർന്ന് വീട്ടുമുറ്റത്തേക്ക് പൊട്ടിവീണ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ കോഴിക്കോട് ജില്ലാ കളക്ടറും കെ.എസ്.ഇ.ബി. (കോഴിക്കോട്) എക്സിക്യൂട്ടീവ് എഞ്ചിനീയറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സെപ്റ്റംബർ 12 ന് ഈസ്റ്റ് ഹിൽ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
തോടന്നൂർ സ്വദേശിനി ഉഷ (53) യാണ് മരിച്ചത്. വീടിന് മുന്നിലുള്ള ഇടവഴിയിലെ മരം വീണാണ് വൈദ്യുത കമ്പി പൊട്ടിയത്. ഇതിന്റെ ഒരു ഭാഗം വീട്ടുമുറ്റത്തേക്ക് വീണു. ഇതറിയാതെ മുറ്റത്ത് എത്തിയപ്പോഴാണ് ഉഷയ്ക്ക് ഷോക്കേറ്റത്.




