
കോഴിക്കോട്– കോടികൾ മുടക്കി നിർമ്മിച്ച കോഴിക്കോട് കെ എസ് ആർ റ്റി സി ബസ് സ്റ്റാന്റിൽ അടിസ്ഥാന സuകര്യങ്ങൾ ഉറപ്പാക്കാൻ നടപടികൾ തുടങ്ങിയതായി കോർപ്പറേഷൻ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഇതിനാവശ്യമായ പദ്ധതി തയ്യാറാക്കുന്നതിന് ഹിന്ദുസ്ഥാൻ പ്രീ ഫാബ് ലിമിറ്റഡിനെ കോർപ്പറേഷൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സ്ഥാപനത്തിന് സ്ഥല പരിശോധന നടത്തി വിശദമായ പ്ലാൻ തയ്യാറാക്കുന്നതിന് അനുമതി നൽകണമെന്ന് കെട്ടിടത്തിന്റെ നിർമ്മാതാക്കളായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഫിനാൻസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസ് സ്റ്റാന്റിൽ നിലവിൽ 20 ട്രാക്കുകളുണ്ട്. പുറപ്പെടേണ്ട സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമാണ് ബസ്സുകൾ സ്റ്റാന്റിലെത്തുന്നതെന്നും റിപ്പോർട്ടിലുണ്ട്. യാത്രക്കാർ ഇരിക്കുന്ന സ്ഥലത്ത് ലഘുഭക്ഷണ ശാലകൾ ആരംഭിക്കാൻ കെ റ്റി ഡി എഫ് സി ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ നടത്തേണ്ട ചുമതല കെ റ്റി ഡി എഫ് സി ക്കാണ്. കെട്ടിടത്തിൽ ശുദ്ധവായു ലഭ്യത ഉറപ്പാക്കാൻ നടപടിയെടുക്കേണ്ടത് കെ റ്റി ഡി എഫ് സിയാണെന്നും റിപ്പോർട്ടിലുണ്ട്.
മനുഷ്യാവകാശ പ്രവർത്തകനായ ടി പി മുജീബ് റഹ്മാൻ സമർപ്പിച്ച പരാതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീർപ്പാക്കി.