KERALAlocaltop news

ബൈക്കുകളിൽ പറന്നെത്തുന്ന സ്‌കൂൾവിദ്യാർത്ഥികളെ പൂട്ടാൻ മോട്ടോർവാഹന വകുപ്പ്

കോഴിക്കോട്:പിച്ചവെച്ച് നടക്കാൻ തുടങ്ങുമ്പോഴേക്കും ബൈക്കും കാറും പറത്തുന്ന ഒരു യുവതലമുറയാണ് നമുക്കു ചുറ്റുമുള്ളത്.സ്‌കൂൾ കുട്ടികൾ വരെ ചീറിപാഞ്ഞ് ബൈക്കിലും കാറിലും പോകുന്നത് കണ്ടാൽ തന്നെ നെഞ്ചിടിക്കും.ഏതായാലും ഈ പറക്കലിന് പൂട്ടുവീണിരിക്കുകയാണിപ്പോൾ.ലൈസൻസില്ലാതെ സ്കൂളുകളിലേക്ക് ബൈക്കുകളിൽ പറന്നെത്തുന്ന വിദ്യാർഥികൾക്കെതിരേ കർശന നിയമനടപടിയുമായി എത്തിയിരിക്കുകയാണ് മോട്ടോർവാഹനവകുപ്പ്.കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾമൈതാനത്ത് കാറുമായെത്തി പത്താംതരം വിദ്യാർഥി സാഹസികപ്രകടനം നടത്തിയ സാഹചര്യത്തിലാണ് കുട്ടികളുടെ ഡ്രൈവിങ്‌ തടയാൻ നടപടി കർശനമാക്കിയത്. നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ പരിസരത്തുനടത്തിയ പരിശോധനയിൽ നാലു കുട്ടിഡ്രൈവർമാർ കുടുങ്ങി. പേരാമ്പ്ര എംവിഐ എം.ജി. ഗിരീഷിന്റെ നേതൃത്വത്തിൽ പേരാമ്പ്ര മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും എൻഫോഴ്‌സ്‌മെന്റ് വിഭാഗവും മഫ്തിയിൽ എത്തിയാണ് പരിശോധന നടത്തിയത്.വാഹനമോടിച്ച കുട്ടികൾ എല്ലാവരും പ്രായപൂർത്തിയാകാത്തവർ ആയതിനാൽ മോട്ടോർവാഹനനിയമത്തിലെ ജുവനൈൽ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.പിടിച്ചെടുത്ത ബൈക്കുകൾ വാഹനത്തിൽ കയറ്റി പേരമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ വാഹനങ്ങളുടെ നിയമലംഘനത്തെപ്പറ്റി കുട്ടികൾക്ക് ബോധവത്കരണവും നടത്തി.

more news;സർക്കാർ ആശുപത്രികളിൽ ഒ.പി ടിക്കറ്റെടുക്കാൻ ഇനി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടതില്ല,ഇ ഹെൽത്ത് സജ്ജമായി

സ്കൂളിലേക്ക് ബൈക്കിൽ വന്നാൽ അധ്യാപകർ കാണുന്നതിനാൽ പലരും സ്കൂൾപരിസരത്തെ വീടുകളിൽ വാഹനം ഒളിപ്പിച്ചുവെക്കുകയാണ് ചെയ്യുന്നത്. ഇതൊഴിവാക്കാനായി സമീപമുള്ള വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി നിർദേശം നൽകുകയുംചെയ്തു. പേരാമ്പ്ര സിൽവർ കോളേജ് പരിസരത്ത് നടത്തിയ മിന്നൽപരിശോധനയിൽ മൂന്നുപേർ യാത്രചെയ്ത ബൈക്ക് ഓടിച്ചയാളുടെ പേരിൽ കേസെടുക്കുകയും ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകുകയും ചെയ്തു.വിദ്യാർഥികൾ സ്കൂളിലേക്ക് വാഹനങ്ങൾ കൊണ്ടുവരുന്നതുതടയാൻ എല്ലാ സ്കൂളുകളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.ഏതാനുംമാസംമുൻപും നൊച്ചാട് സ്കൂൾപരിസരത്തുനിന്ന് വിദ്യാർഥികൾ എത്തിയ ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം രക്ഷാകർത്താക്കൾക്ക് മൂന്നുവർഷംവരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.കേസിൽ ഉൾപ്പെട്ടാൽ കുട്ടികൾക്ക് 25 വയസ്സ് തികയുന്നതുവരെ ഇന്ത്യയിൽ ഒരിടത്തുനിന്നും ലൈസൻസ് എടുക്കാനുമാകില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close