
കോഴിക്കോട് : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അടുത്ത കോഴിക്കോട് മേയർ ആരെന്ന് ഉറ്റു നോക്കി നഗരവാസികൾ. ഒരു വടക്കൻ വീരഗാഥ സിനിമയിലെ മമ്മുട്ടിയുടെ സൂപ്പർ ഡയലോഗ് പോലെ – കർമ്മം കൊണ്ടും, ആയുധബലം കൊണ്ടും, പയറ്റിത്തെളിഞ്ഞ പതിനെട്ടടവുകൊണ്ടും സി പി എമ്മിൻ്റെ മേയർ സ്ഥാനാർത്ഥി സി.പി. മുസഫിർ അഹമ്മദ് തന്നെ അടുത്ത മേയറാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. മുന്നണികളിലെ സ്ഥാനാർത്ഥികളുടെ കഴിവു ത്രാസിൽ തൂക്കി നോക്കിയാൽ കോഴിക്കോട്ടുകാർക്ക് സുപരിചിതനായ അന്തരിച്ച മുൻ എം എൽ എ സി.പി. കുഞ്ഞുവിൻ്റെ മകൻ സി.പി. മുസഫിർ അഹമ്മദിൻ്റെ തട്ട് താഴ്ന്ന് തന്നെ നിൽക്കും. കുട്ടിക്കാലത്ത് തന്നെ വാപ്പയുടെ രാഷ്ട്രീയ കളരിയിൽ പിച്ചവെച്ച് തുടങ്ങിയ മുസഫിർ ഇപ്പോൾ മറ്റുള്ളവരെ അപക്ഷിച്ച് രാഷ്ട്രീയ അഭ്യാസത്തിൽ ഒരു പണതൂക്കമല്ല പലപവൻതുക്കം മുന്നിലാണെന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കുന്നു. കഴിഞ്ഞ രണ്ട് ടേമുകളിൽ സാധാ കൗൺസിലറായും പിന്നീട് ഡെപ്യൂട്ടി മേയറായും തിളങ്ങിയ മുസഫറിൻ്റെ കൗൺസിൽ നിയന്ത്രിക്കാനുള്ള കഴിവ് കോഴിക്കോട്ടെ മാധ്യമപ്രവർ നേരിട്ട് കണ്ടതാണ്. അജണ്ടകളെ ചൊല്ലിയും രാഷ്ട്രീയ പ്രശ്നങളെ ചൊല്ലിയും അഴിമതി ആരോപണങ്ങളെ ചൊല്ലിയും കൗൺസിൽ ഹാൾ തർക്ക ഭൂമികയായി മാറുമ്പോൾ മേയറിൽ നിന്ന് സ്റ്റിയറിങ് സ്വയം ഏറ്റെടുത്ത് പ്രശ്നവും തർക്കവും വാക്ചാതുരിയിലൂടെ ഇല്ലാതാക്കുന്നതാണ് മുസഫറിൻ്റെ മെയ് വഴക്കം. പാർട്ടി ക്ലാസുകളിൽ ലഭിച്ച ആ പരിശീലനമാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഡെപ്യൂട്ടി മേയറെ പലപ്പോഴും തുണച്ചു പോന്നത്. നല്ലോണമെങ്കിൽ നല്ലോണം – ഗുണ്ടായിസമെങ്കിൽ ഗുണ്ടായി സം- ഇതാണ് സ്റ്റൈൽ . ചിരിച്ചു കൊണ്ട് നേരിട്ട് പ്രശ്നക്കാരെ അപ്രസക്തമാക്കുന്ന ആ രീതി കൈവരാൻ ചില കാരണങ്ങളുണ്ടെന്ന് മുസഫിർ അഹമ്മദ് ഉള്ളു തുറക്കുന്നു. വാപ്പയിൽ നിന്നും പാർട്ടിയിൽ നിന്നും ലഭിച്ച സിദ്ധികൾ അനുഭവപാഠമാക്കി. മന്ത്രി പി എ മുഹമ്മദ് റിയാസ്, കൗൺസിലർമാരായ അഡ്വ സി.എം ജംഷീർ, വരുൺ ഭാസ്ക്കർ, മുൻ കൗൺസിലർ ഒ. ഭരദ്വാജ്, ഇപ്പോഴത്തെ സ്പോട്സ് കൗൺസിൽ പ്രസിഡൻ്റ് പി. നിഖിൽ തുടങ്ങി പാർട്ടിയിലെ തീപ്പൊരികളുമായി ചേർന്നായിരുന്നു ഡിവൈഎഫ്ഐയിലെ പ്രവർത്തനം. അക്കാലത്ത് വിവിധ വിഷയങ്ങൾ സമരായുധമാക്കിയതിനാൽ കോഴിക്കോടിൻ്റെ മുക്കും മൂലയും പൾസും നന്നായറിയാം ഈ ചേകവന്. കഴിഞ്ഞ കൗൺസിൽ തുടങ്ങി വെച്ച ഒരുപാട് പദ്ധതികൾ പൂർത്തിയാക്കാനുണ്ട്. എല്ലാ വിഭാഗത്തേയും ചേർത്ത് പിടിച്ച് മുന്നോട്ടു പോകും , ഈ നഗരം എല്ലാവരുടേതുമാണ്. ടാഗോർ സെൻ്റിനറി ഹാൾ, ലയൺസ് പാർക്ക്, കനോലി കനാൽ നവീകരണം, പരിസ്ഥിതി സംരക്ഷണം, ഏവർക്കും ചേർന്നിരിക്കാൻ ഓപ്പൺ സ്പേസ്, എയിംസ്, തുടങ്ങി ഒരുപാട് പദ്ധതികൾ നല്ല നിലയിൽ പൂർത്തിയാക്കണം. തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണം. അടിസ്ഥാന വർഗമാണ് നമ്മുടെ നഗരത്തിൻ്റെ കൈമുതൽ. യുഡിഎഫ് – ബി ജെ പി മേയർ സ്ഥാനാർത്ഥികളായ പി.എം നിയാസും , നവ്യ ഹരിദാസുമൊക്കെ നല്ല കഴിവുള്ളവരാണ്. അവർക്കൊപ്പം, അവരോടൊപ്പം – ഏത് നിലയിൽ പ്രവർത്തിക്കാനും ഞാൻ തയ്യാർ. ജയവും തോൽവിയും അതിൻ്റെ വഴിക്ക് പോകട്ടെ – മുസഫിർ നയം വ്യക്തമാക്കുന്നു.




