
കോഴിക്കോട് : നാലംഗ തെരുവ് നായ്ക്കൂട്ടത്തിൻ്റെ അക്രമത്തിൽ സ്കൂട്ടർ യാത്രികനായ വയോധികന് സാരമായ പരിക്ക്. സിവിൽസ്റ്റേഷൻ – കോട്ടുളി റോഡ് ” നസീബ് ” ഹൗസിൽ കെ.പി. അബ്ദുൾ ജലീലിനെ (62) യാണ് തിങ്കളാഴ്ച്ച രാത്രി തെരുവ് നായ്ക്കൂട്ടം അക്രമിച്ചത്. വിവാഹസത്ക്കാരത്തിൽ പങ്കെടുത്ത് രാത്രി 11 നോടെ മടങ്ങവെ സിവിൽ സ്റ്റേഷനു മുന്നിൽ തമ്പടിച്ചിരുന്ന നായ്ക്കൂട്ടം ചാടി വീഴുകയായിരുന്നു. സ്കൂട്ടറിന് പിന്നാലെ നൂറ് മീറ്ററോളം പാഞ്ഞ നാല് നായ്ക്കളിലൊന്ന് ജലീലിൻ്റെ കാലിലേക്ക് കുതിച്ചു ചാടി. മറ്റ് നായ്ക്കൾ വട്ടമിട്ടതോടെ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു. തലയിലുണ്ടായിരുന്ന ഹെൽമറ്റ് തെറിച്ചു പോയി. സിവിൽ സ്റ്റേഷൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം സ്കൂട്ടറിന് അടിയിലായി കിടന്ന് നിലവിളിക്കവെ ഏതോ വാഹനത്തിൻ്റെ വെളിച്ചം കണ്ട് നായ്ക്കൾ പിൻവാങ്ങിയതിനാൽ കടിയേറ്റില്ല. നിലവിളി കേട്ട് അടുത്ത വീട്ടുകാരനായ വടക്കേൽ ബിജുവും കുടുംബവും ഓടിയെത്തിയാണ് ജലീലിനെ സ്കൂട്ടറിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വലതു കൈയ്ക്കും മുതുകിനും സാരമായ പരിക്കുണ്ട്. ഹെൽമറ്റ് തകർന്ന നിലയിലാണ്. സിവിൽ സ്റ്റേഷനിലെ നൂറുകണക്കിന് ജീവനക്കാരുടെ ഭക്ഷണ അവശിഷ്ടങ്ങൾ തിന്ന് തടിച്ചു കൊഴുത്ത തെരുവ് നായ്ക്കൾ പ്രദേശത്ത് വൻ ഭീഷണിയാണ് ഉയർത്തുന്നത്. ഇവയുടെ കടിപിടിയും ഓരിയിടലും മൂലം സ്വൈര്യ ജീവിതം തടസപ്പെട്ടു. സന്ധ്യയോടെ സിവിൽ സ്റ്റേഷന് മുന്നിൽ താവളമടിക്കുന്ന ഡസൻ കണക്കിന് നായ്ക്കൾ അടുത്ത കാലത്തായി വഴിയാത്രക്കാരേയും അക്രമിച്ചു തുടങ്ങി. പ്രദേശത്തെ തെരുവ് നായ ശല്യം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കാമെന്ന് നഗരസഭാ സെക്രട്ടറി കെ.യു.ബിനി ഉറപ്പുനൽകി.




