കെ.ഷിന്റുലാല്‍
കോഴിക്കോട് : പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരോടും പൊതുജനങ്ങളോടും അക്രമസ്വഭാവത്തോടെ
പെരുമാറുന്ന നാടന്‍ നായയെ സംരക്ഷിച്ച പോലീസുകാരനെതിരേ അച്ചടക്ക നടപടി ! എറണാകുളം ജില്ലയിലെ പിറവം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐയാണ് നാടന്‍ നായയെ സംരക്ഷിച്ചതിനും ഭക്ഷണം നല്‍കി പരിപാലിച്ചതിനും അച്ചടക്ക നടപടി നേരിട്ടത്. ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് വിശദീകരണം ആവശ്യപ്പെട്ടുള്ള മെമ്മോയില്‍ പോലീസ് സ്‌റ്റേഷനില്‍ നായ കാണിച്ച പരാക്രമങ്ങളെ കുറിച്ചും ഇന്‍സ്പക്ടര്‍ നല്‍കിയ നിര്‍ദേശം അവഗണിച്ചതിനെ കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്.
മേലുദ്യോഗസ്ഥന്റെ
നായയെ കുളിപ്പിക്കാത്തതിന് ഗണ്‍മാനെതിരേ നടപടി സ്വീകരിച്ച പോലീസ് സേനയിലാണ് നായയ്ക്ക് ഭക്ഷണം കൊടുത്തതിന് പോലീസുകാരന്‍ ‘കുറ്റക്കാരനായി’ മാറിയത്.
അതേസമയം ഇന്‍സ്പക്ടറുടെ ഉത്തരവ് പോലീസുകാരുടെ വാട്‌സ് ആപ്പിലും മറ്റും ചൂടന്‍ ചര്‍ച്ചകള്‍ക്കും ആശങ്കള്‍ക്കും
തിരികൊളുത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ മിക്ക പോലീസ് സ്‌റ്റേഷന്‍ പരിസരത്തും തെരുവ് നായകളുടെ സാന്നിധ്യമുണ്ട്. സ്‌റ്റേഷനിലുള്ളവര്‍ ഭക്ഷിച്ചതിന് ശേഷം മിച്ചം വരുന്ന ഭക്ഷണം നായകള്‍ക്ക് കൊടുക്കുന്നത് പതിവ് രീതിയാണ്.
കോഴിക്കോട് സിറ്റിയില്‍ പോലീസുകാര്‍ പരിപാലിക്കുന്ന നായയ്ക്ക് അപകടം പറ്റിയപ്പോള്‍ ചികിത്സയ്ക്കായി മൃഗാശുപത്രിയില്‍ എത്തുകയും ശസ്ത്രക്രിയയ്ക്ക് നായയെ വിധേയമാക്കുകയും തുടര്‍ ചികിത്സയും പരിപാലനവും വരെ നടത്തിയിട്ടുണ്ട്. പിറവം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ പരാതിയുമായി ആരെങ്കിലും എത്തിയാല്‍ ഭക്ഷണം നല്‍കിയവര്‍ നടപടിയ്ക്ക് വിധേയരാകുമോയെന്നാണ് പോലീസിലെ ആശങ്ക.
കഴിഞ്ഞ ആഴ്ചയാണ് നാടന്‍ നായയെ പരിപാലിച്ചതിന് പിറവം എഎസ്‌ഐയോട് വിശദീകരണം ആവശ്യപ്പെട്ടത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് എഎസ്‌ഐ നാടന്‍ നായയെ സ്‌റ്റേഷന്‍ വളപ്പില്‍ കൊണ്ടുവന്നതെന്നാണ് ഇന്‍സ്പക്ടറുടെ മെമ്മോയിലുള്ളത്. കഴുത്തില്‍ ബെല്‍റ്റും ചങ്ങലയുമിട്ട് സ്ഥിരമായി ആഹാരം കൊടുത്ത് സ്‌റ്റേഷന്‍ പരിസരത്ത് നായയെ പരിപാലിക്കുകയും പിന്നീട് അഴിച്ചുവിടുകയും സ്ഥിരമായി താവളം ഉറപ്പിക്കാനുള്ള അവസരം നല്‍കുകയും ചെയ്തുവെന്നതാണ് എഎസ്‌ഐക്കെതിരേയുള്ള ആരോപണം. നായ സ്‌റ്റേഷന്‍ പരിസരത്തെ വാഹനങ്ങളുടെ സീറ്റുകള്‍ക്ക് കേടുപാടുകളുണ്ടാക്കുകയും പ്ലാസ്റ്റിക് മാലിന്യം സ്‌റ്റേഷന്‍ പരിസരത്ത് കടിച്ചുകീറിയിടുകയും ചെയ്തു. കൂടാതെ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരോടും സമീപ വാസികളോടും സ്‌റ്റേഷനിലെത്തുന്ന പൊതുജനങ്ങളോടും അക്രമസ്വഭാവത്തോടെ
പെരുമാറുകയാണ്. ഇക്കാരണത്താല്‍ നായയെ പരിപാലിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്‍സ്പക്ടര്‍ ആവശ്യപ്പെട്ടെങ്കിലും തല്‍സ്ഥിതി തുടരുകയായിരുന്നു. അച്ചടക്ക സേനയിലെ അംഗമെന്ന നിലയില്‍ ഗുരുതര വീഴ്ചയാണിതെന്നും വിശദീകരണം നല്‍കണമെന്നുമാണ് ഇന്‍സ്പക്ടര്‍ ആവശ്യപ്പെട്ടത്.