KERALAlocalOtherstop newsVIRAL

കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ വികസനത്തിന് കേന്ദ്രാനുമതി; ആകെ 107 കോടി രൂപയുടെ പദ്ധതികൾ

 

കോഴിക്കോട്: കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി അഞ്ച് സുപ്രധാന റോഡുകളുടെ നവീകരണത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നൽകി. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (CRIF) ഉൾപ്പെടുത്തി റോഡുകൾക്ക് അംഗീകാരം നൽകിയ വിവരം എം.കെ രാഘവൻ എം.പിയെ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

മണ്ഡലത്തിലെ വിവിധ മേഖലകളിലെ പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യങ്ങളാണ് ഇതോടെ യാതൃത്ഥ്യമാകുന്നത്. ഇതിൽ പ്രധാനമായും, വീതിക്കുറവ് മൂലം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മാവൂർ കുറ്റിക്കടവ് പാലത്തിന്റെ പുനർനിർമ്മാണവും അനുബന്ധ റോഡുകളുടെ നവീകരണവും ഉൾപ്പെടുന്നു. പുൽപറമ്പ് മുക്ക് – നായർകുഴി – എം.വി ആർ ഹോസ്പിറ്റൽ – കണ്ണിപറമ്പ് – കുറ്റിക്കടവ് – ചെട്ടിക്കടവ് റോഡിനായി 20 കോടി രൂപയാണ് അനുവദിച്ചത്. കൂടാതെ, നെല്ലാംകണ്ടി – എളേറ്റിൽ – വട്ടോളി – വള്ളിയോത്ത് – കറുകുന്നത്ത് റോഡിന് 29 കോടി രൂപയും, മെഡിക്കൽ കോളേജ് – മാവൂർ റോഡിന് 23 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ചാത്തമംഗലം – ഇഷ്ടിക ബസാർ – സങ്കേതം – തെങ്ങിലക്കടവ് റോഡിന് 19 കോടി രൂപയും, അമ്പലപ്പടി – മൂന്നിലാമ്പാടം – പുള്ളിക്കടവ് – കടലുണ്ടിക്കടവ് റോഡിന് 16 കോടി രൂപയും അനുവദിച്ചു.

കുറ്റിക്കടവ് പാലത്തിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദീർഘകാലമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മുൻപാകെ എം പി എന്ന നിലയിൽ ഉന്നയിച്ച വിഷയത്തിനാണ് പരിഹാരമാവുന്നത്. ഇതിന് പുറമേ മറ്റ് മൂന്ന് റോഡുകളുടെ നിർമ്മാണവും സെൻട്രൽ റോഡ് ഫണ്ട് മുഖേന പരിഗണിക്കണമെന്ന് 2024 ജൂലൈയിൽ എം.കെ രാഘവൻ എം.പി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് മുൻപാകെ ആവശ്യപ്പെട്ടിരുന്നു.

മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രാസമയം കുറയ്ക്കുന്നതിനും ഈ റോഡുകളുടെ നവീകരണം വലിയ തോതിൽ സഹായകമാകുമെന്ന് എം പി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close