
പ്രസിദ്ധീകരണത്തിന്
കോഴിക്കോട്: മലയാള നോവലിലും കഥയിലും പെണ്‍പക്ഷഭാവുകത്വത്തിന്റെ കൊടിയടയാളമായി മാറിയ സാറാ ജോസഫിന് 2024-ലെ ‘മാതൃഭൂമി സാഹിത്യ’-പുരസ്‌കാരം. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് മലയാളത്തിലെ ഏറ്റവും മൂല്യമുള്ള പുരസ്‌കാരങ്ങളിലൊന്നായ മാതൃഭൂമി പുരസ്‌കാരം. എന്‍.എസ്. മാധവന്‍ അധ്യക്ഷനും എം. ലീലാവതി, ഇ. സന്തോഷ്‌കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍, ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ എന്നിവരാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മേയ് ആദ്യവാരത്തില്‍ പുരസ്‌കാര സമര്‍പ്പണം നടക്കും.
1946-ല്‍ തൃശ്ശൂര്‍ കുരിയച്ചിറയില്‍ യാഥാസ്ഥിതിക കൃസ്ത്യന്‍ കുടുംബത്തിലാണ് സാറാജോസഫിന്റെ ജനനം. ദീര്‍ഘകാലം കേരളത്തിലെ വിവിധ കലാലയങ്ങളില്‍ അധ്യാപികയായിരുന്നു. കേരളത്തിലെ സ്ത്രീവാദ മുന്നേറ്റത്തിന്റെ ആദ്യപഥികരില്‍ പ്രമുഖയായ സാറാ ജോസഫ് എണ്‍പതുകളില്‍ കരുത്തറിയച്ച മാനുഷി പ്രസ്ഥാനത്തിന്റെ ജീവനാഡിയായും പ്രവര്‍ത്തിച്ചു. സാഹിത്യവും ആക്ടിവിസവും അനുഭൂതിയായും സഹജീവിസ്‌നേഹമായും ഈ എഴുത്തുകാരിയില്‍ പരസ്പരം മല്‍സരിച്ചു. ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി, ഒതപ്പ്, ഊരുകാവല്‍, ആളോഹരി ആനന്ദം, ആതി, ബുധിനി, കറ തുടങ്ങിയ രചനകള്‍ മലയാള നോവല്‍ ചരിത്രത്തില്‍ സാറാ ജോസഫിനെ മുന്‍നിരയിലേക്ക് ഉയര്‍ത്തി. പാപത്തറ, നിലാവ് നിറയുന്നു, ഒടുവിലത്തെ സൂര്യകാന്തി തുടങ്ങി പതിനഞ്ചോളം കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും വയലാര്‍ പുരസ്‌കാരമടക്കം മലയാളത്തിലെ പ്രമുഖ അവാര്‍ഡുകളും സാറാ ജോസഫിനെ തേടിയെത്തിയിട്ടുണ്ട്.
വാക്കുകളുടെ സ്‌നേഹകലാപം: ജൂറി
സാറാ ജോസഫിന്റെ സാഹിത്യം വാക്കുകള്‍ കൊണ്ട് അവര്‍ സാംസ്‌കാരിക ചരിത്രത്തില്‍ ഉയര്‍ത്തിയ സ്‌നേഹകലാപമാണെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. 2024 ലെ മാതൃഭൂമി പുരസ്‌കാരം എന്‍.എസ്. മാധവന്‍, ഡോ. എം. ലീലാവതി, ഇ. സന്തോഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പുരസ്‌കാരനിര്‍ണയ സമിതി ഏകകണ്ഠമായാണ് സാറാ ജോസഫിനു നല്‍കാനുള്ള തീരുമാനമെടുത്തത്. ‘മനുഷ്യന്, വിശിഷ്യാ സ്ത്രീക്ക്, നിഷേധിക്കപ്പെട്ട ഇടങ്ങളെ വാക്കുകളിലൂടെ വീണ്ടെടുക്കാനുള്ള കലാപമാണ് സാറാ ജോസഫിന്റെ സാഹിത്യം. ആധുനികാനന്തര നോവലില്‍ ഈ എഴുത്തുകാരി കൊണ്ടുവന്ന കുതിപ്പുകള്‍ നമ്മുടെ സാഹിത്യസംവേദനത്തെ അഗാധമാക്കുകയും ഭാഷയുടെ ജ്വലനശക്തിയെ വീണ്ടെടുക്കുകയും ചെയ്തു. ചരിത്രത്തിന്റെ സന്നിഗ്ധഘട്ടങ്ങളില്‍, ദന്തഗോപുരങ്ങളില്‍ നിന്നിറങ്ങിവന്ന് എഴുത്താളര്‍ തെരുവിലെ രക്തവും കണ്ണീരും കാണാന്‍ സഹജീവികളെ ആഹ്വാനം ചെയ്യണമെന്നും പഠിപ്പിച്ചു ഈ അധ്യാപിക.’ ജൂറിയുടെ കുറിപ്പില്‍ പറയുന്നു.