
കോഴിക്കോട്: 20 മാസത്തിനുള്ളില്‍ 1111 റോബോട്ടിക് മുട്ടുമാറ്റി വയ്ക്കല്‍ സര്‍ജറികള്‍ ചെയ്ത് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ ചരിത്രം തീര്‍ത്തു. CORI റോബോട്ടിക് സിസ്റ്റം ഉപയോഗിച്ച് 1111-ാം മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇത്രയും റോബോട്ടിക് ശസ്ത്രക്രിയകള്‍ നടത്തുന്ന കേരളത്തിലെ ആദ്യ ഹോസ്പിറ്റലാണ് മേയ്ത്ര.
അതിസൂക്ഷ്മമായ ഇംപ്ലാന്റുകള്‍ തയ്യാറാക്കാനും അവ ഓരോ രോഗിയുടെയും എല്ലുകളുടെയും ശരീരഘടനയെയും അനുസരിച്ച്, സമീപത്തുള്ള ടിഷ്യൂകള്‍ക്കും രക്തക്കുഴലുകള്‍ക്കും ഏറ്റവും കുറഞ്ഞ കേടുപാടുകള്‍ മാത്രമേ ബാധിക്കൂവെന്ന് ഉറപ്പുവരുത്താനും സര്ജന്മാരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് സഹായിക്കുന്ന സംവിധാനമാണ് CORI റോബോട്ടിക് സിസ്റ്റം.
പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ CORI റോബോട്ടിക് സിസ്റ്റം ഉപയോഗിക്കുമ്പോള്‍ രോഗികള്‍ക്ക് ഏറ്റവും കുറഞ്ഞ തോതില്‍ രക്ത നഷ്ടം, കുറഞ്ഞ വേദന, അതിവേഗം രോഗശമനം, മികച്ച ചികിത്സാഫലം എന്നിവ സാധ്യമാകുന്നുണ്ടെന്ന് സീനിയര്‍ കണ്‍സല്‍ട്ടന്റും ആര്‍ത്രോസ്കോപ്പി ആന്റ് ആര്‍ത്രോപ്ലാസ്റ്റി വിഭാഗം മേധാവിയുമായ ഡോ. സമീര്‍ അലി പറഞ്ഞു. ഡോ. സമീര്‍ അലി, ഡോ. നബീല്‍ മുഹമ്മദ്, ഡോ. ബഷീര്‍ ഗഫൂര്‍, ഡോ. ലുലു ഡംസാസ്, ഡോ. അമര്‍നാഥ് പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ ചരിത്ര നേട്ടം മേയ്ത്ര ഹോസ്പിറ്റല്‍ സ്വന്തമാക്കിയത്.
യോഗ അധ്യാപകനായ 56കാരന് സുന്ദരനാണ് 1111-ാം ശസ്ത്രക്രിയക്ക് വിധേയനായി വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 20 വര്‍ഷമായി അനുഭവിക്കുന്ന കടുത്ത കാല്‍മുട്ടുവേദനയ്ക്ക് പരിഹാരം തേടിയാണ് സുന്ദരന്‍ ഹോസ്പിറ്റലിലെത്തിയത്. രണ്ടു കാല്‍മുട്ടുകളിലും നടത്തിയ റോബോട്ടിക് സര്‍ജറിയിലൂടെ വേദനരഹിതമായ ജീവിതത്തിലേക്ക് തിരികെയെത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
ഡോ. ജോര്‍ജ്ജ് എബ്രഹാം നേതൃത്വം നല്കുന്ന സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ബോണ്‍, ജോയിന്റ് & സ്പൈനിനു കീഴിലാണ് ആര്‍ത്രോസ്കോപ്പി ആന്റ് ആര്‍ത്രോപ്ലാസ്റ്റി വിഭാഗം പ്രവര്‍ത്തിക്കുന്നത്. പേശികളെ സംരക്ഷിച്ചുകൊണ്ട് മിനിമലി ഇന്‍വേസീവ് രീതിയിലൂടെ കാല്‍മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ പ്രശസ്തമായ സ്മിത് ആന്റ് നെഫ്യൂ സെര്‍ട്ടിഫൈഡ് ആര്‍ത്രോസ്കോപ്പിക് സെന്റര്‍ ഫോര്‍ എക്സലന്‍സ് കൂടിയാണിത്. മികച്ച ക്ലിനിക്കല്‍ വിദഗ്ധരുടെ സേവനവും ലോകോത്തര സാങ്കേതിക വിദ്യകളും കൈകോര്‍ക്കുന്ന സെന്റര്‍ എല്ലാവിധത്തിലുള്ള മസ്കുലോസ്കെലിറ്റല്‍-സന്ധി രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ വാഗ്ദാനം ചെയ്യുന്നതായി മാനേജ്മെന്റ് അറിയിച്ചു’