
കോഴിക്കോട്: മാവൂർ റോഡ് ശ്മശാനം വരുന്ന ഓഗസ്റ്റ് മാസത്തിനുള്ളിൽ തുറക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ്. മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് പ്രഖ്യാപനം. കഴിഞ്ഞ ദിവസം ഉന്നതതല യോഗം ശ്മശാനത്തിൽ വച്ച് തന്നെ ചേർന്നു. കഴിഞ്ഞ കൗൺസിൽ കാലത്ത് എ.പ്രദീപ് കുമാർ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ചാണ് കരാറെടുത്ത ഊരാളുങ്കൽ സൊസ്സൈറ്റി പണി ആരംഭിച്ചത്. ഇപ്പോൾ നാല് കോടി രൂപ കോർപറേഷൻ കൂടി ചെലവിട്ട് പ്രവൃത്തി വികസിപ്പിക്കുകയായിരുന്നു. സിവിൽ വർക്കിൽ 90 ശതമാനം ജോലി പൂർത്തിയാക്കിക്കഴിഞ്ഞു. ഫർണസ് സ്ഥാപിക്കുന്ന കരാറുകാർ ഫർണസ് എത്തിച്ച് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. ആറ് ഗ്യാസ് ശ്മാശാനം, വൈദ്യൂതി ശ്മശാനം, പരമ്പരാഗത ശ്മശാനം എന്നിവയാണുണ്ടാവുക. 15 കൊല്ലത്തിലേറെ കഴിഞ്ഞ വൈദ്യൂതി ശ്മശാനത്തിന് പകരം പുതിയത് സ്ഥാപിക്കുന്ന പ്രവൃത്തിയും 75 ശതമാനം തീർന്നിട്ടുണ്ട്. ഇതെല്ലാം ഓഗസ്തിനുള്ളിൽ മറ്റ് അസാധാരണ സംഭവമൊന്നുമില്ലെങ്കിൽ തീർക്കുമെന്ന് ഉറപ്പാണ്. വൈദ്യുതി ശ്മശാനത്തിന് ഓപറേഷൻ ആന്റ് മെയിന്റനൻസ് കരാറാണുള്ളത്. ശ്മാശാനങ്ങളുടെ ബൈലോ കോർപറേഷൻ സർക്കാർ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തിൽ ശ്മശാനം തുറന്നാലും നടത്തിപ്പിന് സംവിധാനമൊരുങ്ങുമെന്നും മുസഫർ അഹമ്മദ് പറഞ്ഞു. കിഡ്സൺ കോർണറിലെ പാർക്കിങ്പ്ലാസയും ലയൺസ് പാർക്ക് നവീകരണവും കഴിഞ്ഞ കൊല്ലം തുടങ്ങുമെന്ന് പ്രഖ്യാപിച്ച പോലെയാവരുതെന്ന് എസ്.കെ.അബൂബക്കർ ചൂണ്ടിക്കാട്ടി. ശ്മശാനത്തിൽ ചിമ്മിനിയിലേക്ക് പുക എത്തിക്കാൻ സംവിധാനമൊരുക്കാനുള്ള കരാറിന് 5.46 ലക്ഷം രൂപ അനുവദിക്കാൻ കൗൺസിൽ തീരുമാനിച്ചു. കല്ലുത്താൻ കടവ് ഫ്ലാറ്റിന്റെ സിമന്റ് ഇടിയുന്നതിലുള്ള അറ്റകുറ്റപ്പണി അടുത്ത മാസം രണ്ടിന് ശേഷം തുടങ്ങുമെന്ന് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.നാസർ അറിയിച്ചു. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയാണ് കല്ലുത്താൻ കടവിലെ പ്രശ്നം സഭയിലുന്നയിച്ചത്.
ഞെളിയൻ പറമ്പ് മാലിന്യ സംസ്കാരണ കേന്ദ്രത്തിൽ മേൽക്കൂര അടിയന്തരമായി മാറ്റി സ്ഥാപിക്കാൻ മേയർ 1,79,20,000 രൂപയുടെ കരാറിന് മുൻകൂർ അനുമതി നൽകിയത് കൗൺസിൽ യു.ഡി.എഫിന്റെ വിയോജനക്കുറിപ്പോടെ അംഗീകരിച്ചു.