
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്ന നഗരമെന്ന നിലയിൽ തിരുവനന്തപുരത്ത് മെട്രോ വളരെ വലിയൊരു കൂട്ടിച്ചേർക്കൽ തന്നെയാവും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇതിന് മേൽ കരിനിഴൽ വീഴ്‌ത്തുന്ന ചർച്ചകളാണ് അടുത്തിടെയായി നടക്കുന്നത്. ജനസംഖ്യയിലെ കുറവ് ചൂണ്ടിക്കാട്ടി കോയമ്പത്തൂർ മെട്രോയ്ക്കും മധുരൈ മെട്രോയ്ക്കും കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു. അതിലാണ് ഇപ്പോൾ തിരുവനന്തപുരവും പെട്ടിരിക്കുന്നത്. 2011ലെ സെൻസസ് പ്രകാരം കോയമ്പത്തൂരിലെ ജനസംഖ്യ 15 ലക്ഷത്തിന്റെ അടുത്താണ്. എന്നാൽ 2017ൽ കേന്ദ്ര സർക്കാർ മുമ്പോട്ടു വെച്ച നയപ്രകാരം 20 ലക്ഷമെങ്കിലും ജനസംഖ്യയുള്ള നഗരങ്ങൾക്ക് മാത്രമേ മെട്രോ റെയിൽ അനുവദിക്കൂ എന്നായിരുന്നു.
ഈ സാഹചര്യത്തിലാണ് കോയമ്പത്തൂർ, മധുര എന്നിവയ്ക്ക് പിന്നാലെ തിരുവനന്തപുരത്തെ മെട്രോയ്ക്കും കേന്ദ്രം ചുവന്ന കൊടി കാണിക്കുമോ എന്ന ഭയം ഉടലെടുക്കുന്നത്. ഒരുപക്ഷേ, ദക്ഷിണേന്ത്യൻ നഗരമെന്ന നിലയിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി തിരുവനന്തപുരം മെട്രോയ്ക്ക് സമർപ്പിച്ചിരിക്കുന്ന അപേക്ഷ ഏകപക്ഷീയമായി തള്ളിക്കളയും എന്ന പ്രചാരണവും ശക്തമാണ്. അതിനു കാരണമായി ജനസംഖ്യ ചൂണ്ടികാട്ടുന്നു എന്നു മാത്രം. ജനസംഖ്യാ മാനദണ്ഡം ഉയർത്തി പിടിക്കുമ്പോഴും ഉത്തരേന്ത്യൻ നഗരങ്ങളുടെ കാര്യത്തിൽ ഇത്തരം കടുംപിടിത്തങ്ങൾ ഇല്ലെന്നതാണ് യാഥാർഥ്യം. മധുര, കോയമ്പത്തൂർ എന്നിവയ്ക്ക് മെട്രോ നിഷേധിക്കാൻ കേന്ദ്രം പറഞ്ഞ അതേ കാരണങ്ങൾ നിലവിലുണ്ടായിട്ടും ഈ മൂന്ന് നഗരങ്ങൾക്ക് മെട്രോ ലഭിച്ചിട്ടുണ്ടെന്നതാണ് സുപ്രധാന കാര്യം. അതേ പരിഗണന തിരുവനന്തപുരത്തിനും കിട്ടുമോ എന്ന് മാത്രമാണ് അറിയേണ്ടത്.
more news:പച്ചക്കറികൾക്ക് തീ വില, തക്കാളി മുതൽ കൈപ്പക്കയ്ക്കു വരെ വില കുതിച്ചുയരുന്നു
നിലവിൽ കീറാമുട്ടിയായി നിലനിൽക്കുന്ന ജനസംഖ്യാ മാനദണ്ഡം മാത്രം മുൻനിർത്തി മെട്രോ അനുവദിക്കുന്നത് തെറ്റാണെന്ന വാദമായിരിക്കും കേരളം പ്രധാനമായി ഉയർത്തുക. മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ തിരുവനന്തപുരം തലസ്ഥാന നഗരമാണ്. കേരളത്തിൽ എല്ലാ ജില്ലകളിൽ നിന്നും ദിനംപ്രതി നഗരത്തിലേക്ക് യാത്ര ചെയ്യുന്നുണ്ട്. അത് കൂടി പരിഗണിക്കണമെന്നാവും കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടുക. കൂടാതെ റെയിൽവേ സ്‌റ്റേഷനുകളിലെയും വിമാനത്താവളത്തിലെയും കണക്കുകൾ കൂടി സംസ്ഥാനം നിരത്തും. റെയിൽവേയുടെ കണക്കുകൾ പ്രകാരം സെൻട്രൽ സ്‌റ്റേഷൻ എൻഎസ്‌ജി രണ്ടിലും കൊച്ചുവേളി എൻഎസ്‌ജി മൂന്ന് വിഭാഗത്തിലുമാണ്. ഒരുകോടി മുതൽ രണ്ടുകോടിവരെ യാത്രക്കാർ എത്തുന്ന സ്‌റ്റേഷനുകളെയാണ് എൻഎസ്‌ജി രണ്ടിലും 50 ലക്ഷം മുതൽ ഒരുകോടി വരെ എത്തുന്ന സ്‌റ്റേഷനുകൾ എൻഎസ്‌ജി മൂന്നിലുമാണ്. ഇതും കേരളം ഉയർത്തിക്കാട്ടാൻ സാധ്യത ഏറെയാണ്. അങ്ങനെയെങ്കിൽ കേന്ദ്രത്തിന് ഉത്തരം മുട്ടുമെന്നതിൽ സംശയം വേണ്ട.



