കോഴിക്കോട് : സംസ്ഥാനത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐ എ ബെംഗളുരുവില്‍ വെച്ച് കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഒളിവിലായിരുന്ന ഇവര്‍ പിടിയിലാകുന്ന വാര്‍ത്ത ആദ്യം പ്രേക്ഷകരിലേക്കെത്തിച്ചത് തങ്ങളാണെന്ന് ന്യൂസ് 18 ചാനല്‍ അവകാശപ്പെടുന്നു. എന്നാല്‍, ഉച്ചക്ക് തന്നെ ഇതുമായി ബന്ധപ്പെട്ട സൂചന തങ്ങള്‍ നല്‍കിയിരുന്നുവെന്ന് 24 ന്യൂസ് ചാനല്‍ അവകാശപ്പെടുന്നു. ഒപ്പത്തിനൊപ്പമുള്ള റിപ്പോര്‍ട്ടിംഗില്‍ മറ്റ് വാര്‍ത്താ ചാനലുകളും രംഗത്തുണ്ട്.
ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് പത്ത് മിനുട്ടിന് ശേഷമാണ് മറ്റ് ചാനലുകള്‍ വാര്‍ത്ത ബ്രേക്ക് ചെയ്തതെന്ന് അവതാരകന്‍ പ്രത്യേകം പരാമര്‍ശിച്ചു. ഏതായാലും കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന വാര്‍ത്ത ഏറ്റവും വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വാര്‍ത്താ ചാനലുകള്‍ ശക്തമായ മത്സരത്തിലാണ്. സോഷ്യല്‍ മീഡിയയും ഒട്ടും പിറകിലല്ല. കിട്ടി മോനെ…എന്നുള്ള കമെന്റ് പാസാക്കി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട് സൈബര്‍ ലോകം. ഓണ്‍ലൈന്‍ മീഡിയകളിലും വാര്‍ത്തകള്‍ നിറഞ്ഞു കഴിഞ്ഞു.
ആറ് ദിവസത്തെ ഒളിവ് ജീവിതത്തിനിടെയാണ് സ്വപ്‌ന പിടിയിലായത്. കുടുംബത്തിനൊപ്പമായിരുന്നു സ്വപ്‌ന ബെംഗളുരുവിലെ രഹസ്യ താവളത്തിലേക്ക് മുങ്ങിയത്. കുടുംബാംഗങ്ങളുടെ സിം കാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്വപ്നയെ എന്‍ ഐ എ കുടുക്കിയതെന്ന് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.