വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാസ്‌ക് ധരിച്ച് ആദ്യമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ച വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ പരുക്കേറ്റ സൈനികരെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ട്രംപ് കറുത്ത മാസ്‌ക് ധരിച്ചെത്തിയത്.
രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു ലക്ഷത്തി മുപ്പത്തയ്യായിരം പേര്‍ മരിക്കുകയും ദിവസം പ്രതി കൊവിഡ് ബാധിതര്‍ കൂടി വരികയും ചെയ്യുമ്പോഴും ട്രംപ് മുന്‍കരുതലുകളോട് മുഖം തിരിച്ചിരുന്നു. പൊതുവേദികളില്‍ ഒരിക്കല്‍ പോലും മാസ്‌ക്ധരിക്കാതിരുന്ന ട്രംപ് വിമര്‍ശിക്കപ്പെട്ടിരുന്നു.
ആശുപത്രിയിലേക്ക് മാസ്‌ക് ധരിച്ചെത്തിയതില്‍ പുതുമ കാണേണ്ടതില്ലെന്നാണ് ട്രംപ് പറഞ്ഞത്. ആശുപത്രിയില്‍ പോകുമ്പോള്‍ താന്‍ മാസ്‌ക് ധരിക്കാറുണ്ട്. എല്ലായിടത്തും മാസ്‌ക് ധരിക്കേണ്ടതില്ല. അതിന് സ്ഥലവും സന്ദര്‍ഭവുമുണ്ട് – ട്രംപ് പറഞ്ഞു.
രാഷ്ട്രീയ പൊതുയോഗങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും ട്രംപ് മാസ്‌ക് ധരിക്കാറില്ല. എന്നാല്‍, വൈറ്റ് ഹൗസിലെ ജീവനക്കാര്‍ക്കും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനും കൊവിഡ് ബാധിച്ചത് മുന്നറിയിപ്പായി. മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം വിദഗ്ധര്‍ ട്രംപിന് നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലൊന്നായ യു എസില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ്അറുപതിനായിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.