BusinessINDIATechnology
18-ാമത് രാജ്യാന്തര ജാവ ദിനം ആഗോള തലത്തില്‍ സാങ്കല്‍പ്പികമായി ആഘോഷിച്ചു
ന്യൂഡല്‍ഹി: രാജ്യത്തുടനീളവും ആഗോള തലത്തിലുമുള്ള ജാവ, യെസ്ഡി ആരാധകര്‍ ഒത്തുകൂടാറുള്ള ദിവസമാണെങ്കിലും നിലവിലെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം 18-ാമത് രാജ്യാന്തര ജാവ ദിനം (ഐജെഡി) സാങ്കല്‍പ്പികമായി (വിര്‍ച്ച്വല്‍) ആഘോഷിച്ചു.
എല്ലാ വര്‍ഷവും ജൂലൈ മാസം രണ്ടാമത്തെ ഞായറാഴ്ചയാണ് ഐജെഡി ആഘോഷിച്ചു വരുന്നത്. ഈ വര്‍ഷം ആഗോള ജാവ സമൂഹം ഓണ്‍ലൈന്‍ മീറ്റിങിലൂടെ സാങ്കല്‍പ്പികമായി ആഘോഷിക്കുകയായിരുന്നു. മൂന്ന് ലക്ഷത്തോളം പേരാണ് ഇന്റര്‍നെറ്റിലൂടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. ജാവ ദിനത്തെ കുറിച്ച് സംസാരിച്ച ആയിരങ്ങള്‍ ഒടുവില്‍ രണ്ടു മണിക്കൂര്‍ നീണ്ട തല്‍സമയ ആഘോഷങ്ങളും കണ്ടു.ഇന്ത്യയിലെ പ്രമുഖ ജാവ, യെസ്ഡി മോട്ടോര്‍സൈക്കിള്‍ ക്ലബുകളാണ് വിര്‍ച്ച്വലായി സംഘടിപ്പിച്ച പരിപാടിക്ക് നേതൃത്വം നല്‍കിയത്. രാജ്യത്തെ ക്ലബുകള്‍ കൂടാതെ നെതര്‍ലണ്ട്‌സ്, ചെക്ക് റിപബ്‌ളിക്ക്, പോളണ്ട്, യുഎസ്എ, വിയറ്റ്‌നാം, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും സാങ്കല്‍പ്പിക ആഘോഷത്തില്‍ പങ്കെടുത്തു.
ദശകങ്ങളായി ജാവ പാരമ്പര്യം നിലനിര്‍ത്തുന്നവരില്‍ നിന്നുള്ള കഥകള്‍ അവതരിപ്പിച്ച ‘ലെജന്‍ഡ്ശാല’ എന്ന പരിപാടിയോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. പ്രമുഖ ഓട്ടോ ജേര്‍ണലിസ്റ്റും ‘ദ് ഫോര്‍എവര്‍ ബൈക്ക്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ആദില്‍ ജല്‍ ദാരൂഖാനാവാലയായിരുന്നു സെഷന്റെ മോഡറേറ്റര്‍. പ്രഗല്‍ഭ റേസര്‍മാരായ സോമേന്ദര്‍ സിങ്, സി.കെ.ചിന്നപ്പ, ശ്യാം കോതാരി തുടങ്ങിയവര്‍ ജാവ മോട്ടോര്‍സൈക്കിളില്‍ റേസില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍ പറഞ്ഞു. ജാവ വസ്തുക്കള്‍ ശേഖരിക്കുന്ന പി.കെ.പ്രശാന്ത് തന്റെ പക്കലുള്ള വിലയേറിയ വസ്തുക്കളെ കുറിച്ച് പറഞ്ഞു.
തങ്ങളുടെ മുന്‍കാല ജാവ ദിനാഘോഷങ്ങളെ കുറിച്ചാണ് പ്രമുഖ സമൂഹ റൈഡര്‍മാര്‍ ലൈവ്‌സ്ട്രീമില്‍ വിശദീകരിച്ചത്. നീണ്ട യാത്രകള്‍, സൗഹൃദ ഒത്തുചേരല്‍ തുടങ്ങിയവയെല്ലാം ഉണ്ടായിരുന്നു ഇതില്‍. 10 രാജ്യാന്തര ക്ലബുകളില്‍ നിന്നും ഇന്ത്യയിലെ 35 ക്ലബുകളില്‍ നിന്നുമുള്ളവരെ ആഘോഷങ്ങളുടെ ഭാഗമാകാന്‍ ക്ഷണിച്ചിരുന്നു. ക്ലബ് അംഗങ്ങള്‍ അവരുടെ പ്രദേശങ്ങളില്‍ നിന്നും റെക്കോര്‍ഡിങുകളും ആശംസകളും അയച്ചു. ഉടനെ തന്നെ ജാവ മോട്ടോര്‍സൈക്കിളില്‍ ഒത്തുചേരാന്‍ അവസരം ഉണ്ടാകട്ടെ എന്നും ആശംസിച്ചു.
മോട്ടോര്‍സൈക്കിളുകളുടെ പഴയ ശേഖരം മുതല്‍ കണ്ണച്ചിപ്പിക്കുന്ന പുത്തന്‍ മോഡലുകളുടെ വരെ വീഡിയോ ക്ലിപ്പുകളാണ് ചിലര്‍ ലൈവ് ഇവന്റ് പോലെ അവതരിപ്പിച്ചത്. പരിപാടിയുടെ ക്ഷണത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. പരിപാടികളുടെ എല്ലാ ക്ലിപ്പുകളും ലൈവ് സെഷന്റെ ഭാഗമാക്കാന്‍ കഴിഞ്ഞില്ല. ഐജെഡി 2020 ന്റെ സമ്പൂര്‍ണ പരിപാടികള്‍ യൂട്യൂബ്/ജാവമോട്ടോര്സൈക്കിളി
വനിതകളുടെ മോട്ടോര്‍സൈക്കിളിങിനെ കുറിച്ചാണ് പരിപാടിയില്‍ പങ്കെടുത്ത വനിത അംഗങ്ങള്‍ കഥകള്‍ പറഞ്ഞത്. മുന്‍കാലങ്ങളിലെ ജാവ മോട്ടോര്‍സൈക്കിളുകള്‍ ഇപ്പോഴും ഓടികൊണ്ടിരിക്കുന്നതിന് കാരണക്കാരായ ടെക്‌നിഷ്യന്മാരെ ‘ഉസ്താദു’കളായി ആദരിച്ചു.
പാരമ്പര്യം നിലനിര്‍ത്തികൊണ്ട് സംഘാടകര്‍ സമൂഹത്തെ സജീവമാക്കുന്നതിനായി മല്‍സരങ്ങളും സംഘടിപ്പിച്ചു. ജാവ, യെസ്ഡി ആരാധകരില്‍ നിന്നും ആവേശകരമായ സ്വീകരണമാണ് മല്‍സരങ്ങള്‍ക്ക് ലഭിച്ചത്. മികച്ച വേഷത്തിലുള്ള റൈഡര്‍, അപ്രതീക്ഷിത സ്ഥലത്തെ ബൈക്കിന്റെ ചിത്രം, മികച്ച 90 സെക്കന്‍ഡ് വീഡിയോ, ട്രാഫിക്ക് നിയമങ്ങള്‍ അറിയിക്കുന്ന സന്ദേശങ്ങളോടു കൂടി റൈഡിന്റെ ചിത്രം, വര്‍ഷം വ്യക്തമാക്കി പഴയ ചിത്രങ്ങളുടെ കൊളാഷ് തുടങ്ങിയവയായിരുന്നു മല്‍സര വിഭാഗങ്ങള്‍.
നിലവിലെ ലോക്ക്ഡൗണ്‍ റൈഡുകളും ആഘോഷങ്ങളും തടഞ്ഞെങ്കിലും ജാവ സമൂഹം ഒന്നടങ്കം ആഘോഷിച്ചായിരുന്നു സാങ്കല്‍പ്പിക മീറ്റിങ്. ഓണ്‍ലൈന്‍ ഫോറത്തില്‍ ഒന്നിച്ച കൂടായ്മയുടെ ആവേശത്തെ കെടുത്താന്‍ ഒന്നിനും കഴിയില്ലായിരുന്നു.
ഈ വര്‍ഷത്തെ ആഘോഷത്തില്‍ പുതിയ ജാവ ഉടമകളുടെ സജീവ പങ്കാളിത്തം ഏറെയുണ്ടായി. പുതിയ ഉടമകളുടെ സാമൂഹ്യ ആവേശം വളരെ ഉയര്‍ന്നതായിരുന്നു. അത് പുതിയ ക്ലബുകളിലും പ്രതിഫലിച്ചു. പഴയ ക്ലബുകളോടൊപ്പം ആഘോഷത്തിനെത്തിയ പുതിയവയുടെ എണ്ണവും വര്‍ധിച്ചു.
ലോക്ക്ഡൗണ്‍ ഇളവുകളില്‍ സുരക്ഷാ പ്രോട്ടോകോളോടെ വാഹനം ഓടിക്കാവുന്ന കൊച്ചി, കണ്ണൂര്‍, ചണ്ഡീഗഢ്, ലുധിയാന, ജലന്ധര്‍, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അംഗങ്ങള്‍ ജാവ ദിന ആഘോഷത്തിന്റെ ആവേശത്തില്‍ റൈഡുകളും നടത്തി.