ബാബു ചെറിയാന്‍
കോഴിക്കോട്:
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം.ശിവശങ്കര്‍ സര്‍ക്കാര്‍ ചെലവില്‍ എല്ലാമാസവും നടത്തിയ ബംഗളൂരു യാത്രയെകുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷ് അടക്കം പ്രതികള്‍ക്ക് ഉറ്റബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയ എം.ശിവശങ്കറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കാത്തതിന്റെ കാരണം കണ്ടെത്തുന്നതിനാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ( ഐബി) ബംഗ ളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക താത്പര്യം ഇതിനുപിന്നിലുള്ളതായി അറിയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിത്യസന്ദര്‍ശകനായിരുന്ന ഒരു മുന്‍ സി പി എം നേതാവില്‍നിന്ന് ഐബി യ്ക്ക് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ ആരോപണ വിധേയമായ ബംഗളൂരുവിലെ എക്‌സാ ലോജിക് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ സേവനാര്‍ത്ഥമാണത്രെ എം.ശിവശങ്കര്‍ എല്ലാമാസവും ബംഗളൂര്‍ യാത്ര നടത്തിയിരുന്നത്. എല്ലാമാസത്തേയും അവസാനത്തെ അഞ്ച് ദിവസം എം.ശിവശങ്കര്‍ ബംഗളുരുവില്‍ ഉണ്ടായിരുന്നതായി ഐബി അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി അറിയുന്നു.സര്‍ക്കാര്‍ ചെലവിലായിരുന്നു വിമാന യാത്രകള്‍. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ ഈ ഐടി കമ്പനിയാണ് കേരള സര്‍ക്കാറിന്റെ എല്ലാ ഐ ടി ജോലികളും ഏറ്റെടുത്ത് നടത്തിയിരുന്നത്.
കോവിഡ് 19 രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന്റെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നത് ഡാറ്റ പുറത്തു പോകാന്‍ കാരണമാകുമെന്നും ഇതിനുപിന്നില്‍ കോടികളുടെ അഴിമതി ഉണ്ടെന്നുമായിരുന്നു പ്രതിപക്ഷ ആരോപണം. മരുന്നുകളുടെ മാര്‍ക്കറ്റിങ്ങ് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് കോടികള്‍ മുടക്കി വിദേശകമ്പനികള്‍ രോഗികളുടെ വിവരങ്ങള്‍ ( ഡാറ്റാ സ് ) ചോര്‍ത്തുന്നത്. ഇതിനിടെ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനോടു ചേര്‍ന്ന ഏക്കര്‍കണക്കിന് സര്‍ക്കാര്‍ സ്ഥലം വിദേശവാഹന കമ്പനിയായ നിസാന് 99 വര്‍ഷത്തേക്ക് ലീസിന് നല്‍കാനുള്ള തീരുമാനത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറാണെന്ന വിവരവും പുറത്തുവന്നു.കഴിഞ്ഞ ഗ്ലോബല്‍ മീറ്റിങ്ങിലാണ് ശിവശങ്കറിന്റെ മധ്യസ്ഥതയില്‍ നിസാന്‍ കമ്പനിയുമായി ചര്‍ച്ച നടന്നത്. ഇതേ കുറിച്ചും കേന്ദ്ര ഏജന്‍സി അന്വേഷണം തുടങ്ങിയതായി സൂചനയുണ്ട്.