ബാബു ചെറിയാന്‍
കോഴിക്കോട്:
കൂടത്തായ് കേസിലെ വിചാരണ അട്ടിമറിക്കാന്‍ കോഴിക്കോട്ടെ ചില അഭിഭാഷകരുടെ നേതൃത്വത്തില്‍ ഗൂഢനീക്കം നടക്കുന്നതായി ആരോപിച്ച്് സംസ്ഥാന പോലീസ് മേധാവിക്ക് രഹസ്യറിപ്പോര്‍ട്ട് നല്‍കിയ മുന്‍ അന്വേഷണസംഘത്തലവന്‍ എസ്പി കെ.ജി. സൈമണ്‍ ഊരാക്കുരുക്കിലേക്ക്. പ്രമുഖ ചാനലിന് സീരിയല്‍ നിര്‍മിക്കാന്‍ സൈമണ്‍ ഒത്താശ ചെയ്തതിന്റെയും, പ്രതികളാവേണ്ട ഡസനോളം പേരെ ഒഴിവാക്കി സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെയും തെളിവുകളുമായി പൊന്നാമറ്റം കുടുംബാംഗങ്ങള്‍ രംഗത്തെത്തി.
കേസ് മറ്റൊരു ഏജന്‍സിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഉടന്‍ സര്‍ക്കാരിനേയും കോടതിയേയും സമീപിക്കും. ഇതു മുന്‍കൂട്ടികണ്ട് സൈമണ്‍ ഒരുമുഴം മുന്‍പേ നീട്ടിയെറിഞ്ഞതാണ് ഡിജിപിയ്ക്ക് നല്‍കിയ പരാതി എന്നാണ് ബന്ധുക്കളുടെ വിലയിരുത്തല്‍. കേസില്‍ കോഴിക്കോട്ടെ നോട്ടറിയായ അഭിഭാഷകനെ പ്രതിചേര്‍ത്തതിലും ജോളിക്ക് നിയമോപദേശം നല്‍കിയ അഭിഭാഷകനെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയതിലുമുള്ള വൈരാഗ്യത്തില്‍ കോഴിക്കോട്ടെ ചില അഭിഭാഷകരുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് സൈമണെതിരെ രഹസ്യയോഗം ചേര്‍ന്നെന്നാണ് സൈമണ്‍ ഡിജിപിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട്. ഈ അഭിഭാഷകര്‍ ആരൊക്കെയെന്ന് വിശദീകരിക്കാതെ ഉണ്ടയില്ലാ വെടിപൊട്ടിച്ച് സൈമണെതിരെ ഗുരുതര ആരോപണങ്ങളാണ് സാക്ഷികളില്‍ ചിലര്‍ ഉയര്‍ത്തുന്നത്.
കൂടത്തായ് സീരിയല്‍ നിര്‍മിക്കുന്നതിന് ചാനല്‍ മേധാവിക്ക് ഒത്താശചെയ്തുകൊടുക്കുകയും ഹൈകോടതിയില്‍ നല്ലപിള്ളചമഞ്ഞതിന്റെയുമടക്കം തെളിവുകളുമായാണ് ബന്ധുക്കള്‍ നിയമനടപടിയിലേക്ക് നീങ്ങുന്നത്. ആറു കൊലപാതകകേസുകളുടേയും കുറ്റപത്രങ്ങള്‍ കോടതിയില്‍നിന്ന് സംഘടിപ്പിച്ച് ഇഴകീറിപരിശോധിച്ചാണ് കുറ്റപത്രത്തിലെ അട്ടിമറികള്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. നിലവില്‍ കോഴിക്കോട് റൂറല്‍ എസ്പി ഡോ.എ. ശ്രീനിവാസനാണ് മുഴുവന്‍ കേസുകളുടേയും ചുമതലയെന്നിരിക്കെ, ഇപ്പോള്‍ പത്തനംതിട്ട എസ്പിയായ സൈമണ്‍ അസ്വസ്ഥനാകേണ്ട കാര്യമെന്താണെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു.
ഡസനോളം പ്രതികള്‍ പുറത്തുനില്‍ക്കുന്നതിനാല്‍ സൈമന്റെനേതൃത്വത്തില്‍ നടത്തിയ അട്ടിമറി അന്വേഷിച്ച് കൊല്ലിച്ചവരേയും കൂട്ടുനിന്നവരേയും പിടികൂടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. പ്രതികളാവേണ്ടവരെ സാക്ഷിയാക്കിയത് കേസ് വിചാരണവേളയില്‍ അട്ടിമറിക്കാനാണെന്ന് ബന്ധുക്കള്‍ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ജോളിയുടെ മകന്‍ റെമോ, ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍, ജോളിയുമായി ഏറ്റവും അടുപ്പമുള്ള പൊന്നാമറ്റം സക്കറിയ, മകനും രണ്ടാം ഭര്‍ത്താവുമായ ഷാജു, ജോളിയുടെ പിതാവടക്കം ചില ബന്ധുക്കള്‍, തഹസില്‍ദാര്‍ ജയശ്രീ, ഇടനിലക്കാരനായ ഇമ്പിച്ചിമോയി, പൊന്നാമറ്റം പി.എച്ച്.ജോസഫ്, അനുജന്‍ ബോസ്‌ക്കോ തുടങ്ങിയവരാണ് കേസിലെ സാക്ഷികള്‍.
ഇവരില്‍ മകന്‍ റെമോ ഒഴികെയുള്ളവര്‍ കേസിന്റെ വിചാരണവേളയില്‍ കൂറുമാറിയേക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച നിയമോപദേശം. ഇതിനായാണ് പ്രതികളാവേണ്ട ഇവരില്‍ പലരേയും സാക്ഷികളാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.