കോഴിക്കോട്: ചെക്യാട് സമൂഹവ്യാപനത്തിന്റെ വക്കില്‍. വടകര എം പി കെ മുരളീധരന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഡോക്ടറുടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 23 പേരുടെ കോവിഡ്19 പരിശോധന ഫലം പോസിറ്റീവായി. ഇതോടെ, കെ മുരളീധരന്‍ എം പിക്ക് കോവിഡ് പരിശോധന നടത്താനും ക്വാറന്റൈനില്‍ പോകാനും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
193 പേരുടെ ആന്റിജന്‍ ടെസ്റ്റാണ് കഴിഞ്ഞ ദിവസം നടത്തിയത്. വിവാഹ ചടങ്ങില്‍ ബന്ധപ്പെട്ടരുള്‍പ്പടെ 26 പേരുടെ ഫലമാണ് പോസിറ്റീവായത്. പതിമൂന്നാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹം ജൂലൈ ഒമ്പതിനായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഡോക്ടറുടെ വിവാഹ സത്കാരത്തിലും ചോറോട് ഗ്രാമപഞ്ചായത്തിലെ വ്യക്തിയുടെ ജന്മദിനാഘോഷത്തിലും പങ്കെടുത്തവരും അടുത്തിടപഴകിയവരും ബന്ധപ്പെട്ട വാര്‍ഡ് ആര്‍ആര്‍ടി യെയോ മെഡിക്കല്‍ ഓഫീസറെയോ ഉടന്‍ വിവരമറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. സമ്പര്‍ക്ക രോഗവ്യാപനം ഒഴിവാക്കാന്‍ ഈ വ്യക്തികള്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും നിര്‍ദ്ദേശിച്ചു.
ചെക്യാട് ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹം ജൂലൈ ഒമ്പതിനായിരുന്നു. ചോറോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച വ്യക്തി വീട്ടില്‍ ജന്മദിനാഘോഷം നടത്തിയത് ജൂലൈ 15 നാണ്.
കോവിഡ് 19 രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
കോഴിക്കോട് ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: 0495 2373901, 2371471