മുക്കം : കനത്ത മഴ തുടരുന്നതിനിടെ കൂമ്പാറ ആനക്കല്ലുംപാറ ക്വാറിയില്‍ മണ്ണിടിച്ചില്‍.വെള്ളിയാഴ്ച പകലും രാത്രിയുമായി രണ്ട് തവണയാണ് മണ്ണിടിച്ചിലുണ്ടായത്.പാറ പൊട്ടിക്കാന്‍ വേണ്ടി ഏഴ് മീറ്റര്‍ താഴ്ചയില്‍ മണ്ണെടുത്ത് വലിയതോതില്‍ കൂട്ടിയിട്ടിരുന്നു.ഇതാണ് ഇടിഞ്ഞുവീണത്.
ആനക്കല്ലുംപാറ പുഴയോരത്ത് കൂട്ടിയിട്ടിരിക്കുന്ന ക്വാറി അവശിഷ്ടങ്ങള്‍ മാറ്റാന്‍ മൂന്നാഴ്ച മുമ്പ് ജില്ലാ ജിയോളജിസ്റ്റ് ഉത്തരവിട്ടിരുന്നു.ഇത് പുഴയ്ക്ക് ഭീഷണിയാകുന്നെന്ന നാട്ടുകാരുടെ പരാതിയിലാണ് ഉത്തരവ് നല്‍കിയത്.30 മീറ്റര്‍ ഉയരത്തില്‍ അപകടകരമായ വിധത്തിലാണ് ക്വാറിയില്‍ നിന്ന് നീക്കുന്ന മേല്‍മണ്ണും മറ്റ് അവശിഷ്ടങ്ങളും കൂട്ടിയിട്ടിരിക്കുന്നത്.മാസങ്ങള്‍ക്ക് മുമ്പ് ഇതുമായി ബന്ധപ്പെട്ട പരാതികള്‍ നാട്ടുകാര്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു.15 ദിവസത്തിനകം മണ്ണ് മാറ്റുന്ന പ്രവൃത്തി തുടങ്ങണമെന്നും ഒരു മാസത്തിനകം പൂര്‍ത്തീകരിക്കണമെന്നുമാണ് നിര്‍ദേശം.എന്നാല്‍ മൂന്നാഴ്ചയായിട്ടും ഇതിന്റെ പണി തുടങ്ങിയിട്ടില്ല.
ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് കാണിച്ച് മാസങ്ങള്‍ക്ക് മുമ്പുതന്നെ കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.