KERALAlocaltop news

മോഷണം നടന്ന മൂന്നാം ദിവസം പ്രതി പിടിയിൽ*

കോഴിക്കോട് : മോഷണത്തിൻ്റെ മൂന്നാം പക്കം പ്രതി പോലീസിന്റെ പിടിയിൽ
കോഴിക്കോട് പൂവ്വാട്ട്പറമ്പിലെ വീട്ടിൽ കഴിഞ്ഞ 19 ന് വൈകുന്നേരം 05.30 മണിക്കും രാത്രി 11.00 മണിക്കും ഇടയിൽ നോമ്പ് തുറക്കാ൯ പോയ സമയത്ത് വീടിന്റെ മു൯വശത്തെ വാതിലിന്റെ പൂട്ട് തക൪ത്ത് അകത്ത് കടന്ന് അലമാരയുടെ വാതിൽ തക൪ത്ത് 20 പവ൯ സ്വ൪ണ്ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച പ്രതി മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിൽ. വീട്ടിലെ പോ൪ച്ചിൽ നി൪ത്തിയിട്ടിരുന്ന 3 ലക്ഷം രുപ വില വരുന്ന എ൯ഫീല്ഡ് കമ്പനിയുടെ ഇന്റ൪സെപ്റ്റ൪ ബൈക്കുമെടുത്ത് യാതൊരു തെളിവും അവശേഷിപ്പിക്കാതെ തന്ത്രപരമായി രക്ഷപ്പെട്ട കണ്ണൂർ സ്വദേശിയായ ഇരിക്കൂർ ദുറുൽ ഫലാഹ് വീട്ടിൽ ഇസ്മയിൽ @ അജു (29) ആണ് പോലീസിന്റെ വലയിലായത്.
ബി.കോം ബിരുദ ധാരിയായ ഇസ്മയിൽ ആഢംബര ജീവിതം നയിക്കുന്നതിനും സ്ത്രീകളെ വളയ്ക്കുന്നതിനുമാണ് മോഷ്ടിച്ച പണം ഉപയോഗിക്കുന്നത്. ആഢംബര ഹോട്ടലുകളിൽ ഏറ്റവും മികച്ച റൂമിലാണ് താമസിക്കുക. കാക്കനാട് സബ്ജയിലിൽ നിന്നും കഴിഞ്ഞമാസം പത്താം തിയ്യതി പുറത്തിറങ്ങിയ ശേഷം പത്തനംതിട്ടക്കാരിയായ കാമുകിയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. കോഴിക്കോട് ജില്ലയ്ക്ക് പുറമെ മലപ്പുറം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലും മോഷണക്കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഇസ്മയിൽ. മോഷണം നടത്തിയശേഷം യാതൊരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപ്പെടാൻ വിദഗ്ധനാണ് ഇസ്മയിൽ. പോലീസിനെ കബളിപ്പിക്കാൻ നിരവധിതവണ ഫോൺനമ്പർ മാറിയാണ് ഉപയോഗിക്കുക. ബ്രാൻ്റഡ് വസ്ത്രങ്ങളും ഉൽപന്നങ്ങളും മാത്രം ഉപയോഗിക്കുന്ന പ്രതി മോഷ്ടിച്ച ബുള്ളറ്റിൽ സഞ്ചരിച്ചതാണ് പോലീസിന്റെ വലയിലാകാനിടയാക്കിയത്. വിയ്യൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബുള്ളറ്റും പണവും ഫോണും മോഷ്ടിച്ചതിന് കഴിഞ്ഞവർഷം തൃക്കാക്കര പോലീസിന്റെ പിടിയിലായിരുന്നു. തുടർന്ന് കാക്കനാട് സബ്ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം കോഴിക്കോട് കേന്ദ്രീകരിച്ച് മോഷണം നടത്തുകയായിരുന്നു. നഗരത്തിലെ ആഢംബര ഹോട്ടലുകളിൽ താമസിച്ചാണ് തെളിവുകൾ അവശേഷിപ്പിക്കാതെയുള്ള മോഷണം ആസൂത്രണം ചെയ്തിരുന്നത്.
പകൽ സമയങ്ങളിൽ കറങ്ങി നടന്ന് മോഷ്ടിക്കാനുള്ള വീട് കണ്ടെത്തി രാത്രിയിൽ ഓപ്പറേഷൻ നടത്തുന്നതാണ് രീതി.വീട്ടുമുറ്റത്ത് ബുള്ളറ്റ് കണ്ടാൽ എങ്ങനെയെങ്കിലും അത് സ്വന്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി വീട് സ്കെച്ച് ചെയ്യുന്നത്. വീട് കുത്തിത്തുറന്ന് കഴിഞ്ഞാൽ ആദ്യം ബുള്ളറ്റ് ൻ്റെ താക്കോലാണ് പൊക്കുക. ശേഷം അലമാരയാണ് ലക്ഷ്യം. താക്കോൽ കിട്ടിയില്ലെങ്കിൽ എന്തെങ്കിലും ടൂൾസ് ഉപയോഗിച്ച് തുറക്കും . പോലീസ് അന്വേഷണം വഴിതിരിച്ചു വിടാനായി ജയിലിൽ നിന്നും കേട്ടറിഞ്ഞ മറ്റ് മോഷ്ടാക്കളുടെ രീതി അവലംബിക്കും. ഇതിന്റെ ഭാഗമായാണ് മോഷണം നടത്തിയശേഷം വീട്ടിലെ ഭക്ഷണം കഴിച്ചതും മലമൂത്രവിസർജ്ജനം നടത്തിയതും. മലപ്പുറം ജില്ലയിൽ ചേളാരിയിലും മോഷണത്തിനായി പോയതായി പ്രതി പോലീസിനോട് സമ്മതിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐ.പിഎസ് ൻ്റെ നിർദ്ദേശപ്രകാരം ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് സബ്ബ് ഇൻസ്പെക്ടർ കെ. രമേഷ് കുമാറും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ.സുദർശൻ്റെ നിർദ്ദേശപ്രകാരം പഴുതടച്ച അന്വേഷണം നടത്തിയത്.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, സി.കെ.സുജിത്ത്, മെഡിക്കൽ കോളേജ് സബ്ബ് ഇൻസ്പെക്ടർ ഹരീഷ് ,സി.പി.ഒ അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close