മുക്കം: വീട്ടുജോലിക്ക് പോവുകയായിരുന്ന സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളഞ്ഞ സംഭവത്തില്‍ കൂട്ടുപ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഒരാഴ്ചത്തെ പഴുതടച്ച അന്വേഷണത്തിനൊടുവില്‍ കേസിലെ മുഖ്യപ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയെങ്കിലും കൂട്ടുപ്രതി ഇനിയും വലയിലായിട്ടില്ല. കേസിലെ മുഖ്യപ്രതി മലപ്പുറം കാവന്നൂര്‍ ചക്കിങ്ങല്‍ സന്ദീപ് (30) ശനിയാഴ്ചയാണ് മുക്കം പൊലിസിന്റെ പിടിയിലായത്.
സന്ദീപിനെ അരീക്കോട് കാവന്നൂരില്‍ വെച്ച് പിടികൂടിയെങ്കിലും ഇയാളുടെ സുഹൃത്തും കൂട്ടുപ്രതിയുമായ മലപ്പുറം ഇളയൂര്‍ സ്വദേശി അനസിനെ ഇതുവരെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചിട്ടില്ല. അനസ് ഒളിവില്‍ പോയതായാണ് സൂചന.
7ന് രാവിലെ മുക്കം കോഴിക്കോട് റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ ഒന്നരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല മാമ്പറ്റ പ്രതീക്ഷ സ്‌കൂളിന് സമീപത്തെ ബസ്‌റ്റോപ്പിനടുത്ത് വെച്ച് ആഡംബര ബൈക്കായ ഡ്യൂക്കിലെത്തിയ പ്രതികള്‍ പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
സ്വര്‍ണമാല സന്ദീപിന്റെ ബന്ധുവിന്റെ കാവന്നൂരിലുള്ള ജ്വല്ലറിയില്‍ വില്‍പന നടത്തുകയും ചെയ്തു. റൂറല്‍ ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ നിര്‍ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.