കോഴിക്കോട് : മലയാളം സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലില്‍ ഉണ്ടായ അഴിമതിയെ സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസം യൂത്ത്ലീഗ് പത്ര സമ്മേളനത്തിലൂടെ പുറത്ത് വിട്ടിരുന്നു. ഭൂമി വിലയായ 17കോടി 60ലക്ഷം രൂപയില്‍ ഇതിനകം അനുവദിച്ച 9കോടി രൂപ തിരിച്ചു പിടിക്കണമെന്നും ഭൂമി ഏറ്റെടുത്ത നടപടി റദ്ദ് ചെയ്യണമെന്നുമാണ് യൂത്തലീഗ് ആവശ്യപ്പെട്ടിരുന്നുത്. വാര്‍ത്ത പുറത്ത് വന്ന ഉടനെ ബാക്കി പണം കൂടി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ധൃതിപിടിച്ച് സര്‍ക്കാര്‍ ഇറക്കിയിരിക്കയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. രണ്ട് ദിവസം മുമ്പുള്ള തിയ്യതി വെച്ചാണ് സര്‍ക്കാര്‍ ഇന്നലെ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യമല്ലെന്ന ഏക്സ്പെര്‍ട്ട് കമ്മറ്റിയുടെ റിപ്പോര്‍ട്ടും കോടതി ഉത്തരവും നിലനില്‍ക്കെ ബാക്കി തുക അനുവദിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മ്മാണം നടന്നാലും ഇല്ലെങ്കിലും സി.പി.എം ഉദ്ദേശിച്ച കാര്യം നടന്നു കഴിഞ്ഞു. തുച്ഛമായ വിലയുള്ള ഭൂമി ഉയര്‍ന്ന വിലക്ക് ഏറ്റെടുത്ത് കോടികള്‍ ലാഭമുണ്ടാക്കുകയെന്നത് മാത്രമായിരുന്നു സി.പി.എം ആഗ്രഹി്ച്ചത്. ഇപ്പോള്‍ അനുവദിച്ച തുക താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്റെ ബന്ധുക്കള്‍ക്കും തിരൂരിലെ ഇടത്പക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ഗഫൂര്‍ പി. ലില്ലീസിനും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും നല്‍കുന്നത് തടയണം എന്ന് യൂത്ത്ലീഗ് ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കും യൂത്ത്ലീഗ് പരാതി നല്‍കും. ഈ ഭൂമി ഇടപാടിന്റെ മധ്യസ്ഥന്‍മാരായി പ്രവര്‍ത്തിച്ചത് മൂന്ന് വ്യക്തികളാണ്. ഒന്ന് ഉന്നതവിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍,എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍,മലയാളം സര്‍വ്വകലാശാല വി.സി യുടെ പി.എ സ്റ്റാലിന്‍ എന്നിവരാണിവര്‍. ഇവരുടെ പങ്കിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണം.
കോവിഡ് കാലത്ത് സമരമം ചെയ്യാന്‍ പാടില്ലെന്ന കോടതി ഉത്തരവ് എന്ത് അഴിമിതിയും നടത്താനുള്ള ലൈസന്‍സായി സര്‍ക്കാര്‍ കാണരുതെന്ന് യൂത്ത്ലീഗ് പറഞ്ഞു. ഈ അഴിമതിക്കെതിരായി രാഷ്ട്രീയപരമായും നിയമപരമായും യൂത്ത്ലീഗ് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദും പത്രസമ്മേളനത്തില്‍ പങ്കെടുത്തു