local
ബജാജ് ഡിസ്കവര് ബൈക്കുകള്‍ മോഷ്ടിക്കുന്ന ഡിസ്കവര് രഞ്ജിത്ത് പിടിയിലായി
മുക്കം: മുക്കത്തും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നിരവധി ബൈക്കുകള്‍ മോഷണം നടത്തിയ കേസിലെ പ്രതി മുക്കം പോലീസിന്റെ പിടിയിലായി. തൃശ്ശൂര്‍ മണിത്തറ സ്വദേശി ഡിസ്കവര് രഞ്ജിത്ത് എന്ന കുമ്പളംകോട്ടില്‍ രഞ്ജിത്ത്(35) ആണ് വാഹന പരിശോധനക്കിടെ മുക്കം പോലീസിന്റെ പിടിയിലായത്. പിടിയിലാകുമ്പോള്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പി.സി ജംഗ്ഷനില്‍ നിന്നും മോഷണം പോയ ബജാജ് ഡിസ്കവര് ബൈക്ക് പ്രതിയുടെ കയ്യില്‍ നിന്നും പോലീസ് പിടികൂടി.
തൃശ്ശൂരില്‍ നിന്നും സ്വര്‍ണ്ണമോതിരം മോഷ്ടിച്ച കേസില്‍ കുടുങ്ങി നാടുവിട്ട രഞ്ജിത്ത് ഏറെ നാളായി മാവൂര്‍ പോലീസ് സ്റ്റേഷന് മുന്‍വശത്തുള്ള ഒരു വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയാണ്. മുക്കത്തും പരിസരപ്രദേശങ്ങളില്‍ നിന്നും പലപ്പോഴായി ബൈക്കുകള്‍ മോഷ്ടിച്ചതായി ചോദ്യം ചെയ്യലിനിടെ രഞ്ജിത്ത് പോലീഡിനോട് സമ്മതിച്ചിട്ടുണ്ട്. ബജാജ് കമ്പനിയുടെ ഡിസ്കവര് മോഡല്‍ ബൈക്കുകള്‍ കൂടുതലായി മോഷ്ടിക്കുന്നതിനാലാണ് ഡിസ്കവര് രഞ്ജിത്ത് എന്ന വിളിപ്പേരില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നത്.
മോഷ്ടിച്ച രണ്ടു ബൈക്കുകള്‍ മുക്കം മാമ്പറ്റയിലുള്ള ആക്രികടയില്‍ വില്‍പ്പന നടത്തിയതായും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നതിനെ കുറിച്ചു അന്വേഷിക്കുമെന്നു മുക്കം പോലീസ് അറിയിച്ചു.
മുക്കം ഇന്‍സ്പെക്ടര്‍ ബി. കെ.സിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. കെ.ഷാജിദ്, അഡിഷണല്‍ എസ്.ഐ വി.കെ.റസാഖ്, എഎസ്ഐ മാരായ സലീം മുട്ടത്ത്, ജയമോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍, ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.