KERALAtop news

എയർ ഇന്ത്യ വിമാനത്തിന് സിയാലിന്റെ ജലാഭിവാദ്യം.

ലണ്ടനിൽ നിന്ന് ആദ്യവിമാനമെത്തി; നേരിട്ടുള്ള സർവീസുകൾക്ക് ഇനി കൊച്ചിയിൽ ' ഫ്രീ ലാൻഡിങ്

കൊച്ചി : പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യമായ നേരിട്ടുള്ള യൂറോപ്പ്യൻ സർവീസിന് തുടക്കം. ലണ്ടനിൽ നിന്ന് നേരിട്ടുള്ള ആദ്യ എയർ ഇന്ത്യ വിമാനം വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെത്തി. യൂറോപ്യൻ യാത്രാ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നേരിട്ടുള്ള മുഴുവൻ സർവീസുകൾക്കും ലാൻഡിങ് ഫീ ഒഴിവാക്കുകയാണെന്ന് സിയൽ അറിയിച്ചു. സെപ്റ്റബർ 27 വരെയുള്ള എയർ ഇന്ത്യ സർവീസുകൾക്ക് നിലവിൽ ഇതിന്റെ പ്രയോജനം ലഭിക്കും. ജലാഭിവാദ്യം നൽകിയാണ് സിയാൽ എയർ ഇന്ത്യയുടെ ആദ്യ ലണ്ടൻ-കൊച്ചി സർവീസിനെ സ്വീകരിച്ചത്.
വിമാന ലാൻഡിങ് ചാർജ് കുറയ്ക്കുന്നതോടെ കൂടുതൽ വിമാന കമ്പനികൾക്ക് യൂറോപ്പിലേയ്ക്ക് നേരിട്ടുള്ള യാത്രാസൗകര്യം ഒരുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ടിക്കറ്റ് ചാർജ് കുറയ്ക്കാനും ഇത് ഉപകരിച്ചേക്കും. എയർ ഇന്ത്യയുടെ എ.ഐ 1186 വിമാനം വെള്ളിയാഴ്ച പുലർച്ചെ 03:28 നാണ് 130 യാത്രക്കാരുമായി കൊച്ചി വിമാനത്താവളത്തിലെത്തിയത്. സിയാൽ അഗ്നിരക്ഷാ സേനയുടെ ഫയർ ടെൻഡറുകൾ വിമാനത്തെ ജലാഭിവാദ്യം നൽകി സ്വീകരിച്ചു. പുതിയ മേഖലാ സർവീസുകൾക്കും പുതിയ വിമാനങ്ങൾക്കുമാണ് വിമാനത്താവളങ്ങളിൽ ജലാഭിവാദ്യം നൽകാറ്. ഇതേ വിമാനം എ.ഐ. 1185 എന്ന സർവീസായി രാവിലെ 06.30ന് 229 യാത്രക്കാരുമായി മടങ്ങിപ്പോയി. വന്ദേഭാരത് മിഷന്റെ ഭാഗമായി സെപ്റ്റംബർ 27 വരെയുള്ള ലണ്ടൻ-കൊച്ചി-ലണ്ടൻ സർവീസുകളുടെ സമയപ്പട്ടിക ക്രമീകരിച്ചിട്ടുണ്ട്. വെള്ളി, ഞായർ ദിവസങ്ങലാണ് ഈ സർവീസ്. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ ലണ്ടനിൽ നിന്നെത്തുന്ന ആദ്യ വിമാനം അന്നേ ദിനം രാവിലെ ആറുമണിക്ക് മടങ്ങിപ്പോകും. ഞായറാഴ്ച പുലർച്ചെ 0015 ന് എത്തുന്ന വിമാനം അന്നേദിനം ഉച്ചയ്ക്ക് 1220 ന് മടങ്ങിപ്പോകും. ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷ് പൗരൻമാരെ മടക്കിക്കൊണ്ടുപോകുന്നതിന്റെ ഭാഗമായുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം നേരത്തെ കൊച്ചിയിൽ എത്തിയിരുന്നു. എയർ ഇന്ത്യ ലണ്ടനിൽ നിന്ന് മുംബൈ വഴിയും അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌ക്കോ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്ന് ഡൽഹി വഴിയും കൊച്ചിയിലേയ്ക്ക് തുടർച്ചയായി സർവീസുകൾ നടത്തുന്നുണ്ട്. ഇതാദ്യമായാണ് ലണ്ടനിൽ നിന്ന് നേരിട്ടുള്ള സർവീസ്.
കോവിഡ് പശ്ചാത്തലത്തിലുള്ള പ്രത്യേക യാത്രാ പദ്ധതി പ്രകാരം കൂടുതൽ രാജ്യങ്ങളിലേയ്ക്ക് വിമാന സർവീസുകൾ സെപ്റ്റംബർ ആദ്യ വാരം ആരംഭിക്കും. നിലവിൽ വിവിധ എയർലൈനുകൾ ഗൾഫ്, ആഫ്രിക്ക, മലേഷ്യ, സിംഗപ്പൂർ, തായ്‌ലാൻഡ് എന്നിവിടങ്ങളിൽ പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. വന്ദേഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ യൂറോപ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങൾ വഴി കൊച്ചിയിലേയ്ക്ക് സർവീസുകൾ നടത്തുന്നുണ്ട്. സെപ്റ്റംബർ ആദ്യയാഴ്ച മുതൽ ഇൻഡിഗോ കൊച്ചിയിൽ നിന്ന് ദോഹ, ദുബായ്, കുവൈറ്റ് സർവീസുകളുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close