കോഴിക്കോട് : കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് പദ്ധതി നിര്‍വഹണ മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കോഴിക്കോട് റീജ്യണല്‍ ഓഫീസ് അറിയിച്ചു. എല്ലാവരും കൃത്യമായ വിവരം ലഭ്യമാക്കണം. സംസ്ഥാനത്തെ ഒരു കോടിയോളം വീടുകളും സാമ്പത്തിക സംരംഭങ്ങളും സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ശേഖരിയ്ക്കുന്നത്.
മാര്‍ച്ച് 31ന് അവസാനിയ്ക്കേണ്ട സെന്‍സസ് 2020 സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. ദേശീയ ബിസിനസ് രജിസ്റ്റര്‍ രൂപീകരണത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ നയരൂപീകരണത്തിനും സാമ്പത്തിക സെന്‍സസ് വഴി ശേഖരിയ്ക്കുന്ന കണക്കുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. രാജ്യവ്യാപകമായി 6 സാമ്പത്തിക സെന്‍സസുകളാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ഇതുവരെ നടത്തിയത്.
നിലവില്‍ സംസ്ഥാനത്ത് അഞ്ഞൂറോളം എന്യൂമറേറ്റര്‍മാര്‍ ഇരുപതിനായിരത്തില്‍ പരം വീടുകളില്‍ ദിനംപ്രതി സെന്‍സസ് പൂര്‍ത്തിയാക്കുന്നുണ്ട്. ശേഖരിയ്ക്കപ്പെടുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനായി നാഷണല്‍ സ്റ്റാറ്റിസ്റ്റിയ്ക്കല്‍ ഓഫീസിലെയും സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ നിശ്ചിതശതമാനം എന്യൂമറേറ്റര്‍മാരുടെ ഡാറ്റ പരിശോധിയ്ക്കുന്നുമുണ്ട്.
സംസ്ഥാനത്ത് നടക്കുന്ന സാമ്പത്തിക സെന്‍സസ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയോടെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയും കോവിഡ് നിര്‍ദ്ദേശങ്ങളും മുന്‍കരുതലുകളും പൂര്‍ണമായി പാലിച്ചു കൊണ്ടുമാണ്.
കണ്ടെയിന്മെന്റ് സോണുകളില്‍ അവിടുത്തെ നിയന്ത്രണങ്ങള്‍ നീക്കുന്നത് വരെ മാത്രമാണ് സെന്‍സസ് ഒഴിവാക്കിയിട്ടുള്ളത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവര ശേഖരണം കോഴിക്കോട് റീജ്യണല്‍ ഓഫീസിന്റെ പരിധിയിലാണ്. സെന്‍സസ് നടത്തിപ്പ് ചുമതല കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലെ സി. എസ്. സി ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡിനാണ്.