കോഴിക്കോട്: പി വി സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് നടന് മോഹന്‍ലാലിന്. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയംസ് കുമാര്‍ ചെയര്‍മാനും സംവിധായകന് സത്യന് അന്തിക്കാട്, ഡോ സി കെ രാമചന്ദ്രന് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
പി വി സാമിയുടെ ചരമദിനമായ സെപ്തംബര്‍ 1ന് നടത്താറുള്ള പുരസ്കാര സമര്‍പ്പണ ചടങ്ങ് കോവിഡ് 19 കാരണം പിന്നീട് നടത്തുമെന്ന് സമിതി അറിയിച്ചു.
കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാളിയുടെ സാംസ്കാരിക ഭാവുകത്വത്തിന്റെ വികാസ പരിണാമങ്ങളുടെ ജീവിക്കുന്ന ഉദാഹരണമാണ് മോഹന്‍ലാല്‍ എന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി.
കഴിഞ്ഞ തവണ മമ്മൂട്ടിക്കായിരുന്നു പി വി സാമി അവാര്‍ഡ്.
സ്വാതന്ത്ര സമര സേനാനിയും രാഷ്ട്രീയ സാമൂഹിക സാംസ്കാരികവ്യവസായിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന പി വി സാമിയുടെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ പി വിസാമി മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരം വ്യവസായിക സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ വിശേഷപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്കാണ് നല്‍കാറുള്ളത്.