ഐ പി എല്‍ സീസണ് ഉപേക്ഷിച്ച് സുരേഷ് റെയ്ന പെട്ടെന്ന് നാട്ടിലേക്ക് മടങ്ങിയത് അദ്ദേഹത്തിന്റെ കുടുംബം ക്രൂരമായി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. അജ്ഞാതരുടെ ആക്രമണത്തില്‍ പിതാവിന്റെ സഹോദരി ഭര്‍ത്താവ് കൊല്ലപ്പെട്ടു. പിതാവിന്റെ സഹോദരിയുടെ നില ഗുരുതരമാണ്. ഓഗസ്റ്റ് പത്തൊമ്പതിനാണ് ഇവര്‍ പത്താന്‍കോട്ടിലെ വീട്ടില്‍ ആക്രമിക്കപ്പെട്ടത്. അര്‍ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ കൊള്ളസംഘം മാരായുധങ്ങളുമായിട്ട് ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
സുരേഷ് റെയ്നയുടെ പിതാവിന്റെ സഹോദരിയായ ആശാദേവിയുടെ ഭര്‍ത്താവ് അശോക് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആശാ ദേവിയുടെ നില ഗുരുതരമായി തുടരുന്നു. ഇവരുടെ മക്കളായ കൗശല്‍ കുമാറിനും അപിന് കുമാറിനും സാരമായി പരുക്കേറ്റിട്ടുണ്ട്. അശോക് കുമാറിന്റെ എണ്പതുവയസുള്ള മാതാവിനും പരുക്കുണ്ട്.
നാടിനെ നടുക്കിനെ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സി ഇ ഒ രാവിലെ അറിയിച്ചിരുന്നു. കാരണം എന്തെന്ന് മാത്രം വ്യക്തമല്ലായിരുന്നു. ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഐ പി എല്‍ സെപ്തംബര്‍ 19ന് യു എ ഇില്‍ ആരംഭിക്കും. ടീമുകളെല്ലാം യു എ ഇയില്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കിയിട്ട് വേണം കളത്തിലിറങ്ങാന്‍. അതിനിടെ ചെന്നൈയുടെ താരങ്ങള്‍ക്ക് കോവിഡ് ബാധിക്കുകയും ചെയ്തു.