കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിർത്തിയിട്ട ഇതര സംസ്ഥാന ലോറികളിൽ കവർച്ച നടത്തിയ രണ്ടംഗ സംഘത്തിലെ ഒരാളെ സിറ്റിയിൽനിന്ന് കസബ എസ് ഐ വി.സിജിത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
താമരശേരി കോരങ്ങാട് സ്വദേശി വലിയപറമ്പിൽ ഹൗസിൽ അലൻ പീറ്റർ (19) ആണ് പിടിയിലായത്.
ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിർത്തിയിട്ടിരുന്ന നിരവധി ലോറികളിലെ കാബിനിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷണം പോയിരുന്നു. ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ വന്ന രണ്ടംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇന്നലെ രാത്രി കസബ എസ്ഐ വി.സിജിത്തിൻ്റെ നേതൃത്യത്തിൽ പട്രോളിങ്ങ് നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയിൽ ഒരു ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ ഒരാളെ കണ്ടു. പോലീസ് എത്തുമ്പോഴെക്കും ബുള്ളറ്റ് വെട്ടിച്ച് തിരിച്ച് ഇയാൾ രക്ഷപെട്ടു. ഈ സമയം അലൻ പീറ്റർ റോഡരികിൽ നിന്ന് പരുങ്ങി. ഇയാളെ വളഞ്ഞ് പിടികൂടി കൈവശം ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ നാല് മൊബൈൽ ഫോണുകൾ കണ്ടു. ചോദ്യം ചെയ്തപ്പോൾ ഫോൺ സുഹൃത്തുകളുടെതാണന്ന് പറഞ്ഞു. പോലീസ് ചേവായൂരിൽ മോഷണത്തിനിരയായ ലോറിയിലെ ജീവനക്കാരെ ഫോൺ കാണിച്ചു. ഒരു ഫോൺ ലോറിയുടെ ക്ലീനറുടേതാണെന്ന് സംശയം പറഞ്ഞു. പോലീസ് പരിശോധിച്ചപ്പോൾ ഫോൺ റീസെറ്റ് ചെയ്തതാണെന്ന് മനസിലായി. ഫോണിലെ എല്ലാ വിവരങ്ങളും ഡിലിറ്റ് ചെയ്യപ്പെട്ടിരുന്നു. ഈ സമയം ഫോണിലേക്ക് മാവേലിക്കര ചെറുകര കോർപറേഷൻ ബാങ്കിൽ നിന്നുള്ള മെസേജ് എത്തി. അക്കൗണ്ടിൽ നിന്ന് നേരത്തെ പണം പിൻവലിച്ചതിനെക്കുറിച്ചായിരുന്നു മെസ്സേജ്. മാവേലിക്കര സ്വദേശിയാണ് ലോറി ക്ലിനർ. തുടർന്ന് പിടിച്ചുനിൽക്കാനാകാതെ അലൻ പീറ്റർ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂട്ടുപ്രതി ഉടൻ പിടിയിലാകും.