KERALAlocaltop news

ഇസ്രായേലിലെത്തി “മുങ്ങൽ ” സ്ഥിരം പരിപാടി ; വിസ റെഡിയാക്കാൻ പ്രത്യേക ലോബി

ബാബു ചെറിയാൻ                                                                                              കോഴിക്കോട് : ക്രൈസ്തവരുടെ വിശുദ്ധ നാടായ ഇസ്രായേലിൽ ടൂറിസ്റ്റ് വിസയിലെത്തി മുങ്ങുന്നവരുടെ എണ്ണം വർധിക്കുന്നു. ജോലി (ജോബ് ) വിസയ്ക്ക് ലക്ഷങ്ങൾ ചെലവാകുന്നതാണ് തീർത്ഥാടക ഗ്രൂപ്പുകളിലൂടെ ഇസ്രായേലിലെത്തി മുങ്ങുന്നതിന് കാരണം. വയോധികരുടെ സംരക്ഷണം , വീട്ടുപണി , തുടങ്ങി പൊതു ഇടങ്ങളുമായി ബന്ധമില്ലാത്ത ജോലികൾ ലഭിക്കുന്നതും , കേരളത്തെ അപേക്ഷിച്ച് വൻ തുക വരുമാനം ലഭിക്കുന്നതുമാണ് മുങ്ങലിന് കാരണം. കൃഷി രീതി പഠിക്കാൻ കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ കേരള സർക്കാർ അയച്ച സംഘത്തിലെ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ ( 48 ) ഇസ്രായേലിൽ നിന്ന് മുങ്ങിയ സംഭവം വിവാദമായതോടെയാണ് മുങ്ങൽ വിവരം പുറത്തറിഞ്ഞത്. എന്നാൽ കേരളത്തിലെ വിവിധ രൂപതകളുടേയും, ചില വൈദികരുടേയും നേതൃത്വത്തിൽ നടത്തുന്ന വിശുദ്ധ നാട് യാത്രയിൽ മുങ്ങൽ പതിവ് സംഭവമായി. വാട്ട്സ് ആപിലും മറ്റും വിവരം കൈമാറിയാണ് സംഘത്തിലെ ആരും അറിയാതെ അതിവിദഗ്ദമായി മുങ്ങുന്നത്. ഇങ്ങനെ മുങ്ങാൻ തയ്യാറാകുന്നവരെ വാഹനത്തിൽ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് കുറഞ്ഞ ശമ്പളത്തിൽ ജോലി നൽകുകയാണ് സംഘത്തിന്റെ രീതി. ഇസ്രായേൽ കറൻസിയായ ഷെക്കേലും ഇന്ത്യൻ കറൻസിയും തമ്മിലുള്ള വിനിമയ നിരക്കാണ് കുറഞ്ഞ ശമ്പളത്തിലും അവിടെ ജോലി ചെയ്യാനുള്ള ആകർഷണം. ഒരു ഷെക്കേൽ നൽകിയാൽ ഇവിടെ 23 രൂപയോളം ലഭിക്കും.                                               കോവിഡ് മൂലം നിലച്ച വിശുദ്ധ നാട് യാത്ര മൂന്ന് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷമാണ് പുന:രാരംഭിച്ചത്. ഒന്നര ലക്ഷത്തോളം രൂപയാണ് വിസ , ടിക്കറ്റ് ഭക്ഷണം, താമസം, അവിടുത്തെ യാത്രകൾ തുടങ്ങി സർവ്വ ചെലവുകൾക്കുമായി യാത്രാ നടത്തിപ്പുകാർ ഈടാക്കുന്നത്. എന്നാൽ ജോബ് വിസയാണെങ്കിൽ 20 ലക്ഷം രൂപയോളം ചെലവു വരും. വിദ്യാഭ്യാസമില്ലാത്തവരാണ് വീട്ടുജോലി ലക്ഷ്യമിട്ട് ഇങ്ങനെ തീർത്ഥാടക സംഘത്തിൽ കയറിപറ്റി വിദഗ്ദമായി മുങ്ങുന്നത്. സ്ത്രീകളാണ് മുങ്ങുന്നവരിൽ കൂടുതലും.                                      തീർത്ഥാടക സംഘത്തിൽ കുടുംബാംഗങ്ങളില്ലാതെ ഒറ്റയ്ക്കായിരിക്കും മുങ്ങൽ പ്രവണതയുള്ളവർ കടന്നു കൂടുക. ഇസ്രായേലിൽ പ്രവേശിക്കുന്ന സമയം മുതൽ അധോലോക സംഘം വാഹനങ്ങളിൽ ഇവരെ പിന്തുടരും . സമയവും സന്ദർഭവും ഒത്തുവരുന്ന നിമിഷം ഇവരെ സംഘം റാഞ്ചി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റും. എംബസിയിലോ, പോലീസിലോ പരാതിപ്പെട്ടാലും ഇവരെ കണ്ടെത്തുക ശ്രമകരമാണ്. കുറച്ചു കാലം രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ച ശേഷം, വീടുകളിലും മറ്റും ജോലിക്ക് നിയോഗിക്കുകയാണ് രീതി. വയോധികരെ പരിപാലിക്കുന്ന ജോലിക്ക് ഇസ്രായേലിൽ വൻ ഡിമാൻന്റാണ്. ബോംബാക്രമണം ഭയന്ന് എല്ലാ കെട്ടിടങ്ങളിലും ബങ്കർ ഉള്ളതിനാൽ എത്ര കാലം വേണമെങ്കിലും ഒളിച്ചു താമസിക്കാൻ കഴിയും. ഇങ്ങനെ എത്തുന്നവർക്ക് വിസയടക്കം മറ്റ് എല്ലാ രേഖകളും അധോലോകം പിന്നീട് ലഭ്യമാക്കുന്നതോടെ അവർ സുരക്ഷിതരായി മാറുന്നു. / മുങ്ങുന്ന പ്രവണത വർധിച്ചതോടെ ചില വൈദികർ അതീവ സൂഷ്മ പരിശോധനയും, ഇന്റർവ്യൂവും നടത്തി മാത്രമെ സംഘത്തിലെ അംഗങ്ങളെ തിരഞ്ഞെടുക്കാറുള്ളൂ. എന്നാൽ ധനാർത്തി വർധിച്ച ചിലരാകട്ടെ മുങ്ങലിന് ഒത്താശ ചെയ്തു കൊടുക്കുന്നതായും വിവരമുണ്ട്. ഇത്തരക്കാർ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ നിരീക്ഷണത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close