കോഴിക്കോട് : മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി വരുന്ന തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കുമെന്ന മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ മുന്നണി കണ്‍വീനറും പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും ദീക്ഷിക്കുന്ന മൗനം കാപട്യത്തിേന്റതാണ്. മുസ്ലിം ലീഗിെന്റ ജനകീയാടിത്തറയായി വര്‍ത്തിക്കുന്ന സമസ്ത ഇ.കെ വിഭാഗം ഇതിനകം അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
യു.ഡി.എഫ് ശിഥിലമായതോടെ, ഇരുമുന്നണികളും അകറ്റി നിറുത്തുന്ന ബി.ജെ.പിയടക്കമുള്ള മത–രാഷ്ട്രീയ സംഘടനകളെയാണ് മുസ്ലിം ലീഗ് ലക്ഷ്യം വെക്കുന്നത്. അങ്ങനെയെങ്കില്‍ ബേപ്പൂരിലെയും വടകരയിലെയും അനുഭവങ്ങളായിരിക്കും യു.ഡി.എഫിനെ കാത്തിരിക്കുക.
മൂന്നുകൊല്ലം ദേശീയ രാഷ്ട്രീയത്തില്‍ ചെലവഴിക്കുക വഴി കുഞ്ഞാലിക്കുട്ടി ആകെ സമ്പാദിക്കാനായത് മുമ്പ് തങ്ങള്‍ തീവ്രവാദ മുദ്ര ചാര്‍ത്തി, മാറ്റിനിറുത്തിയ ചില സംഘടനകളും കൂട്ടായ്മകളുമായുള്ള ചങ്ങാത്തം മാത്രമാണ്. ഏതാനും വോട്ടിനു വേണ്ടി ഇവരുമായി ചുട്ടെടുക്കുന്ന അവിഹിത ബന്ധങ്ങള്‍ പ്രബുദ്ധജനം പെട്ടെന്ന് തിരിച്ചറിയുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുമെന്നുറപ്പാണ്. സ്വര്‍ണക്കടത്തുക്കേസ് തേച്ചുമായ്ച്ചുകളയാന്‍ ബി.ജെ.പിയുമായി ഉണ്ടാക്കിയ രാഷ്ട്രീയ ഇടപാടുകള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗിന് കനത്ത ഭാരമാവാതിരിക്കില്ല. കെട്ടുറപ്പുള്ള ഒരു മുന്നണിയെയും മികവുറ്റ ഒരു സര്‍ക്കാരിനെയും നേരിടുന്നതിന് കോണ്‍ഗ്രസും മുസ്ലിം ലീഗും കുറുക്കുവഴി തേടാന്‍ ശ്രമിച്ചാല്‍ അത് ബൂമറാങ്ങായി തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.