കോഴിക്കോട്: വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച പിടിഎയ്ക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് മെഡിക്കല്‍കോളജ് ക്യാമ്പസ് ഹൈസ്ക്കൂളിന്. പ്രിസം പദ്ധതിയുടെ ഭാഗമായുള്ള 15 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് നൂതനമായ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുകയും ചെയ്തതിന്റെ മികവിലാണ് അവാര്‍ഡ് നേട്ടം. സംസ്ഥാനത്ത് ആദ്യമായി ഒരു സ്കൂളില്‍ ഒറ്റയടിക്ക് 21 പുതിയ ഡിവിഷനുകള്‍ അനുവദിക്കപ്പെട്ടത്, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുതവണയും താങ്ങായത്, സാമൂഹിക പങ്കാളിത്തത്തോടെയുള്ള സ്കൂള്‍ ശുചീകരണം, യൂണിഫോം പരിഷ്ക്കരണം, കുട്ടികളുടെ വായനാശീലം വര്‍ധിപ്പിക്കാന്‍ സ്കൂളിനുപുറമേ വീട്ടിലൊരു ലൈബ്രറി പദ്ധതി, ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസം നേരിട്ട കുട്ടികള്‍ക്ക് ഫോണ്‍, ടിവി ലഭ്യമാക്കല്‍..തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്ക്കൂളിലെ വിദ്യാലയ വികസന സമിതി, സ്ക്കൂള് മാനേജ്മെന്റ് കമ്മറ്റി, എംപിടിഎ, സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് എന്നിവയെ ഏകോപിപ്പിച്ച് പിടിഎ കമ്മറ്റി നേതൃത്വം നല്‍കിയത്. എ.പ്രദീപ്കുമാര്‍ എംഎല്‍എയുടെ അകമഴിഞ്ഞ പിന്തുണ സ്കൂളിന്റെ വളര്‍ച്ചയുടെ ആണിക്കല്ലാണെന്ന് പിടിഎ പ്രസിഡന്റ് അഡ്വ.ജംഷീര്‍. ഹെഡ്മാസ്റ്റര് കെ.കെ.ഖാലിദ് ആണ് പിടിഎകമ്മറ്റി സെക്രട്ടറി.