കോഴിക്കോട്: കാൻസർ ചികിത്സാരംഗത്തെ ഏറ്റവും നൂതന സംവിധാനങ്ങളായ ട്രൂബീം, സ്പെക്റ്റ്- സിടി എന്നിവ ബേബി മെമ്മോറിയൽ ആശുപത്രിയുമായി ചേർന്നു പ്രവർത്തിക്കുന്ന അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തനമാരംഭിച്ചു. ഇതോടെ, മലബാറിലെ രോഗികൾക്ക് ലോകോത്തര കാൻസർ പരിചരണത്തിനുള്ള സാധ്യതയൊരുങ്ങി.
വേഗവും കൃത്യതയും ഒരുമിപ്പിക്കുന്ന റേഡിയൊ തെറാപ്പിയിലെ വിപ്ലവകരമായ മുന്നേറ്റമാണ് ട്രൂബീം. അതിസൂക്ഷ്മതയോടെ ട്യൂമറുകൾ ചികിത്സിക്കാനായി വികസിപ്പിച്ചിട്ടുള്ള ഈ സംവിധാനം ആരോഗ്യമുള്ള കലകൾക്ക് (ടിഷ്യൂ) ദോഷം ചെയ്യാതെ കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യംവയ്ക്കാൻ സാധിക്കുന്നതാണ്. കാൻസർ രോഗനിർണയത്തിന് ഉപയോഗിക്കുന്ന ഏറ്റവും മികച്ച സാങ്കേതിക വിദ്യയായ സ്പെക്റ്റ്- സിടി, സിംഗൾ എമിഷൻ കംപ്യൂട്ടഡ് ടോമോഗ്രഫിയും (സ്പെക്റ്റ്) യും കംപ്യൂട്ടഡ് ടോമോഗ്രഫിയും (സിടി) സംയുക്തമായി പ്രവർത്തിപ്പിച്ച് വ്യക്തമായ ത്രീഡി ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്നു. കൃത്യമായ രോഗനിർണയത്തിനും ചികിത്സാ പ്ലാനിങ്ങിനും ഇത് സഹായിക്കുന്നു.
പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയതോടെ, ഏറ്റവും ഉന്നത നിലവാരമുള്ള കാൻസർ പരിചരണം നൽകാൻ ആശുപത്രി പര്യാപ്തമായെന്ന് സ്പെക്റ്റ് – സിടി ഉദ്ഘാടനം ചെയ്തുകൊണ്ടു ബിഎംഎച്ച് ചെയർമാനും മാനെജിങ് ഡയറക്റ്ററുമായ ഡോ. കെ.ജി. അലക്സാണ്ടർ പറഞ്ഞു. ട്രൂബീം ഉദ്ഘാടനം സീനിയർ കൺസൾട്ടന്‍റും എഒഐ ഡിപ്പാർട്ട്മെന്‍റ് മേധാവിയുമായ ഡോ. പി.ആർ. ശശീന്ദ്രൻ നിർവഹിച്ചു. മലബാറിലെ കാൻസർ പരിചരണ രംഗത്ത് നാഴികക്കല്ലാണിതെന്ന് എഒഐ സോണൽ ഡയറക്റ്റർ എം.എൻ. കൃഷ്ണദാസ് വ്യക്തമാക്കി. ബിഎംഎച്ച് ഡയറക്റ്റർമാരായ ഡോ. വിനീത് ഏബ്രഹാം, ഡോ. അഞ്ജു മറിയം അലക്സ്, സിഇഒ ഗ്രേസി മത്തായി തുടങ്ങിയവർ പങ്കെടുത്തു.