കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് കേസിൽ ഏഴ് വർഷത്തിന് ശേഷം നാല് പ്രതികളുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ ടി.കെ. ഫായിസ്, അഷ്റഫ് കല്ലുങ്കൽ, വൈ.എം. സുബൈർ, അബ്ദുൽ റഹീം എന്നിവരുടെ പേരിലുള്ള 1.84 കോടി രൂപ വിലവരുന്ന സ്വത്താണ് കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്. ഫായിസിന്റെ ഭാര്യയുടെ വടകരയിലുള്ള വീട്, അഷ്റഫ്, സുബൈര്‍, അബ്ദുൽറഹീം എന്നിവരുടെ പേരിൽ കോഴിക്കോട്ടുള്ള ഫ്ലാറ്റ്, സ്ഥലം എന്നിവയും ഫെഡറൽ ബാങ്കിന്റെ കോഴിക്കോട് ശാഖയിലുണ്ടായിരുന്ന 85.15 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. 98.85 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഫ്ലാറ്റും സ്ഥലവും.
2013ലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആരിഫ ഹാരിസ്, ആസിഫ് വീര എന്നിവരെ ഉപയോഗിച്ച് മുൻ കസ്റ്റംസ് ഉദ്യോഗസ്ഥൻ സി. മാധവന്റെ സഹായത്തോടെ സ്വർണം കടത്തിയെന്നാണ് കേസ്. ഇരുവരും കടത്തിയ 20 കിലോ സ്വർണം 2013 മാർച്ച് 19ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. 2013 ഒക്ടോബറിലും ഇവരെ ഉപയോഗിച്ച് 56 കിലോ സ്വർണം ദുബൈയിൽ നിന്ന് കടത്തിയിരുന്നു. സി.ബി.ഐയുടെയും ആൻറി കറപ്ഷൻ ബ്യൂറോയുടെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസിൽ അന്വേഷണമാരംഭിച്ചത്. അഷ്റഫ് കല്ലുങ്കലിനായി ദുബൈയിൽ നിന്ന് ടി.കെ. ഫായിസാണ് സ്വർണം അയച്ചതെന്ന് കസ്റ്റംസും ഇ.ഡിയും കണ്ടെത്തിയിരുന്നു. 17.86 കോടി രൂപയുടെ സ്വർണം കടത്തിയപ്പോൾ 1.83 കോടി രൂപയുടെ നികുതിപ്പണം നഷ്ടമുണ്ടായെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ