KERALAlocaltop news

ചുരത്തിലെ ഗതാഗതക്കുരുക്ക്: വലിയ വാഹനങ്ങൾക്കുള്ള നിയന്ത്രണം കർശനമായി നടപ്പിലാക്കും – ജില്ലാ വികസന സമിതി

കോഴിക്കോട്:  വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കർശനമായി നടപ്പിലാക്കാൻ ജില്ലാ വികസന സമിതി യോഗം നിർദ്ദേശം നൽകി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷവും ചുരത്തിലെ ഗതാഗതക്കുരുക്ക് തുടരുന്നതായി എംഎൽഎമാരായ കെ എം സച്ചിൻ ദേവ്, ലിൻ്റോ ജോസഫ് എന്നിവർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ജില്ലാ കലക്ടർ ഇതുമായി ബന്ധപ്പെട്ട് ജി പോലിസ്, ആർടിഒ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. അവധി ദിനങ്ങളിൽ വൈകിട്ട് മൂന്ന് മണി മുതൽ രാത്രി ഒമ്പത് മണി വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ മുൻ ഉത്തരവ് ശക്തമായി നടപ്പാക്കണം.

കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയുടെ വശങ്ങളിലെ അനധികൃത കൈയേറ്റങ്ങൾ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് ലിൻ്റോ ജോസഫ് എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് കേന്ദ്രം ഹോട്ടൽ ആക്കി മാറ്റി ഉപയോഗിക്കുന്നത് വളരെ ഗൗരവത്തോടെ കാണണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മലയോര ഹൈവേ റൂട്ടുകളിൽ കെഎസ്ആർടിസി ബസ്സുകൾ ഓടിക്കാനുള്ള പെർമിറ്റ് അനുവദിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു. പുതുപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ (ആരോഗ്യം) അറിയിച്ചു.

അടുത്തിടെയുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ചെറിയ റെയിൽവേ ക്രോസിംഗുകൾ റെയിൽവേ അധികൃതർ അടക്കുന്നത് പരിസരവാസികളായ വീട്ടുകാർക്കും കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ചൂണ്ടിക്കാട്ടി. റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അസിസ്റ്റൻ്റ് കലക്ടറെ യോഗം ചുമതലപ്പെടുത്തി.

 

 

 

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ എം സച്ചിൻദേവ് , ലിന്റോ ജോസഫ്, കെ. കെ രമ, എം കെ മുനീർ, ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ്, സബ് കലക്ടർ ഹർഷിൽ ആർ മീണ, എഡിഎം സി മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ എം പ്രസാദ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close