മുക്കം: മുത്തേരിയിൽ ഹോട്ടൽ ജോലിക്കാരിയായ വയോധിക പീഡനത്തിനിരയായി കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ മുക്കം പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
മുഖ്യപ്രതി മുജീബ് റഹ്മാനും കൂട്ടുപ്രതികളായ സൂര്യപ്രഭയ്ക്കും, കാമുകനായ ജമാലുദ്ധീനുമെതിരെയുള്ള കുറ്റപത്രം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് മുൻമ്പാകെയാണ് സമർപ്പിച്ചത്. അന്വേഷണ സംഘത്തലവൻ മുക്കം ഇൻസ്പെക്ടർ ബി.കെ സിജുവാണ് കോടതിയിലെത്തി കുറ്റപത്രം സമർപ്പിച്ചത്.
ജൂലൈ മാസം രണ്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം . ഹോട്ടൽ ജീവനക്കാരിയായ വയോധികയെ ഒന്നാംപ്രതി മുജീബ്റഹ്മാൻ ചോമ്പാല അഴിയൂർ നിന്നും മോഷ്ടിച്ച ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും തുടർന്ന് മോഷണം നടത്തുകയുമായിരുന്നു. വഴിയിൽ വെച്ചു ഓട്ടോറിക്ഷയുടെ പമ്പ് കേടായി എന്ന് പറഞ്ഞു വാഹനം നിർത്തുകയും ഓട്ടോറിക്ഷയുടെ പിറകിലൂടെവന്നു വയോധികയെ ക്രൂരമായി ആക്രമിച്ചു ബോധം കെടുത്തിയ ശേഷം കാപ്പുമലയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്. വയോധിക സംഭവസ്ഥലത്തുനിന്നും പെട്ടെന്ന് രക്ഷപെട്ടു പോകരുതെന്ന ഉദ്ദേശത്തോടു കൂടി വസ്ത്രങ്ങളെല്ലാം കത്രികകൊണ്ട് കീറിമുറിച്ച് കഷണങ്ങളാക്കുകയും വയോധികയുടെ കയ്യും കാലും കേബിൾ വയർ കൊണ്ട് കെട്ടിയിടുകയും ചെയ്തതിനുശേഷമാണ് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിനു മുൻപ് വയോധികയുടെ ഒരുപവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയും കാതിലുള്ള കമ്മൽ പിടിച്ചു പറിക്കുകയും മൊബൈൽ ഫോണും അയ്യായിരം രൂപയുമടങ്ങിയ ബാഗും മോഷ്ടിക്കുകയും ചെയ്തു. അക്രമത്തിനിരയായി ഓർമ്മ നഷ്ടപ്പെട്ട വയോധികയുടെ മൊഴിയിൽ നിന്നും കാര്യമായ തുമ്പൊന്നും കിട്ടാതിരുന്നത് കേസന്വേഷണത്തിന്റെ തുടക്കത്തിൽ പോലീസിന് വെല്ലുവിളിയായിരുന്നു. തുടർന്ന് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസിന്റെ നിർദ്ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി ടി.കെ അഷ്റഫിൻ്റെ മേൽനോട്ടത്തിൽ മുക്കം ഇൻസ്പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള പത്തുപേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഓട്ടോറിക്ഷയും കേന്ദ്രീകരിച്ചു അന്വേഷണം തുടരുകയും ചെയ്തു. പോലീസ് നായ റെമോയുടെ സഹായത്തോടെ സംഭവസ്ഥലമാകെ പരിശോധിക്കുകയും ചില സുപ്രധാന തെളിവുകൾ കണ്ടെത്തുകയും ചെയ്തു. നൂറ്റിപ്പത്തോളം സിസിടിവി ക്യാമറകളും എഴുപതോളം ഓട്ടോറിക്ഷകളും പരിശോധിച്ചതിൽ നിന്നാണ് അന്വേഷണ സംഘത്തിനു പ്രതിയെകുറിച്ചു വ്യകതമായ സൂചന ലഭിച്ചത്. സംഭവസ്ഥലത്തിനു ചുറ്റുമുള്ള സമീപവാസികളെ ചോദ്യം ചെയ്തതിൽ നിന്നും സംഭവ ദിവസം രാവിലെ ആറുമണിയോട് കൂടി മുത്തേരി അങ്ങാടിയിൽ നിന്നും രണ്ടുകിലോമീറ്റർ മാറി നടക്കാനിറങ്ങിയ യുവതിയുടെ മാല ഓട്ടോറിക്ഷയുമായി വന്ന ഒരാൾ പൊട്ടിച്ചുകടന്നുകളയാൻ ശ്രമിച്ചതായും, അന്നേദിവസം തന്നെ ഏഴുമണിയോടുകൂടി പരിചയമില്ലാത്ത ഒരു ഓട്ടോറിക്ഷ വഴിതെറ്റി വന്നു തിരിച്ചുപോകുന്നത് കണ്ടു എന്നും മൊഴി ലഭിച്ചിരുന്നു. സംഭവസ്ഥലത്തിനു സമീപത്തു താമസിക്കുന്ന വീട്ടമ്മയുടെ മൊഴിയും കേസിൽ നിർണായകമായി. ഇത് സ്ഥലപരിചയമില്ലാത്ത സമാനമായകുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥിരം ക്രിമിനലുകളെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുന്നതിന് അന്വേഷണ സംഘത്തിനു പ്രേരണയായി. തുടർന്ന് ഇതേ രീതിയിൽ കുറ്റകൃത്യം നടത്തിയ പ്രതികളെ കുറിച്ചു അന്വേഷണം നടത്തിയതിൽ പ്രതികളുടെ ഫോട്ടോ പീഡനത്തിനിരയായ വയോധികയെ കാണിച്ചതിൽ പ്രതിയായ കൊണ്ടോട്ടി സ്വദേശി നമ്പില്ലത്ത് മുജീബ് റഹ്മാനെ തിരിച്ചറിയുകയായിരുന്നു. അതിനിടയിൽ ഇതേ അന്വേഷണ സംഘം തന്നെ മുക്കം പൂളപ്പൊയിലിൽ വെച്ചു സഹോദരങ്ങളായ സൂര്യപ്രഭയുടെയും ചന്ദ്രശേഖരന്റെയും കയ്യിൽ നിന്നും ബൈക്കിൽ കടത്തുകയായിരുന്ന പത്തു കിലോ കഞ്ചാവ് പിടികൂടിയതും കേസിൽ നിർണായകമായി. മാത്രമല്ല കഞ്ചാവ് കേസിൽ പിടിയിലായ പ്രതികൾക്ക് വയോധികയെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി മുജീബുമായി അടുപ്പമുണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് അന്വേഷണം തുടങ്ങി പതിനഞ്ചാം ദിവസം പ്രതി മുജീബ് റഹ്മാനെ അന്വേഷണ സംഘം ഓമശ്ശേരിയിൽ വെച്ചു അറസ്റ്റ് ചെയ്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും വയോധികയെ പീഡിപ്പിച്ചു കവർച്ച നടത്തിയത് താനാണെന്നും മോഷ്ടിച്ച ആഭരണങ്ങൾ കൂട്ടുപ്രതികളായ ജമാലുദീന്റെയും സൂര്യപ്രഭയുടെയും സഹായത്തോടെ വിൽപ്പന നടത്തിയതായും കുറ്റസമ്മതം നടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഉപേക്ഷിച്ച വയോധികയുടെ മൊബൈൽ ഫോൺ സംഭവസ്ഥലത്തിന് എതിർ വശത്തു റോഡിനു മുകളിലുള്ള പറമ്പിൽ നിന്നും കണ്ടെത്തുകയും കൃത്യം നടത്താനുപയോഗിച്ച ഓട്ടോറിക്ഷ തൊണ്ടയാട് മേൽപ്പാലത്തിന് അടിയിൽ ഉപേക്ഷിച്ച നിലയിൽ അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. ഓട്ടോറിക്ഷ സൈന്റിഫിക് വിദഗ്ദ്ധനെ കൊണ്ട് പരിശോധന നടത്തിയതിൽ ആക്രമണത്തിനിരയായ വയോധികയുടെ രക്തകറകളും വസ്ത്രങ്ങൾ കീറിമുറിക്കാനുപയോഗിച്ച കത്രികയും കണ്ടെത്തുകയുണ്ടായി. ഒന്നാം പ്രതി മോഷ്ടിച്ച വയോധികയുടെ സ്വർണ്ണാഭരണങ്ങൾ കൂട്ടുപ്രതികളായ സൂര്യപ്രഭയും ജമാലുദ്ധീനും ചേർന്ന് കൊടുവള്ളിയിലുള്ള ജൂവല്ലറിയിൽ വിൽപ്പന നടത്തിയത് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. . ഇനി പിടികൂടാനുള്ള പ്രതികളിലൊരാളായ ജമാലുദ്ധീൻ ബാംഗ്ലൂർ ഭാഗത്ത് ഉള്ളതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.