താമരശേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. പൂനൂര് നേര്‍പൊയില്‍ ആഷിഖ് (30) ആണ് പിടിയിലായത്. താമരശേരി പോലീസ് ബംഗളൂരുവില്‍ വെച്ചാണ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റു ചെയ്തത്. തച്ചംപൊയില്‍ സ്വദേശിനിയായ പതിനാറുകാരിയാണ് 2010 മാര്‍ച്ചില്‍ പീഡിപ്പിക്കപ്പെട്ടത്. ഈ പെണ്‍കുട്ടിയെ പിന്നീട് ആഷിഖ് വിവാഹം കഴിക്കുകയും ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മൊഴി ചൊല്ലി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അതോടെ പീഡന പരാതി പിന്‍വലിച്ച് കിട്ടാനായി മാത്രമായാണ് ആഷിഖ് തന്നെ വിവാഹം കഴിച്ച് പിന്നീട് മൊഴിചൊല്ലി വഞ്ചിച്ചതെന്ന് കാണിച്ച് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് നടന്ന പീഡനവുമായി ബന്ധപ്പെട്ട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയും ബാംഗ്ലൂരില്‍വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.