localtop news

വീടിരിക്കുന്ന മനയിലൂടെ ഒഴുകുന്ന  ഡ്രൈനേജ് സ്ലാബിട്ട് മൂടണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

കോഴിക്കോട്: രണ്ട് മുതിർന്ന സ്ത്രീകൾ ഒറ്റയ്ക്ക്  താമസിക്കുന്ന വീടിരിക്കുന്ന മനയ്ക്കുള്ളിലൂടെ  കടന്നുപോകുന്ന ഡ്രൈനേജിലെ ബ്ലോക്ക് ഒഴിവാക്കാൻ ആവശ്യമായ അറ്റകുറ്റപണികൾ നടത്തിയ ശേഷം ഡ്രൈനേജ് പൂർണമായി സ്ലാബിട്ട് മൂടണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
മലിനജലം വീടിന്റെ പരിസരത്ത് പൊട്ടിയൊലിക്കാൻ ഇടയാക്കരുതെന്നും കമ്മീഷൻ ജുഡിഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിൽ പറഞ്ഞു. സമീപപ്രദേശത്തെ വീടുകളിൽ നിന്ന് മലിന ജലം ഡ്രൈനേജിലേക്ക് ഒഴുക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കി നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ കോഴിക്കോട് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
കോട്ടൂളി സ്വദേശിനി സി.എം. സരസ്വതി സമർപ്പിച്ച പരാതിയിലാണ് നടപടി. മഴവെള്ളം ഒഴുകിപോകാൻ അൻപതിൽപരം വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച  ചാലിൽ  നിന്നുള്ള മലിന ജലം വീടിന്റെ മുൻവശത്തേക്ക് ഒഴുകിപരക്കുന്നത് കാരണം വീട്ടിൽ താമസിക്കാൻ കഴിയുന്നില്ലെന്നാണ് പരാതി. നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. മനയ്ക്കുള്ളിലൂടെ കടന്നുപോകുന്ന ഡ്രൈനേജ് അടച്ച് പുതിയത് നിർമ്മിക്കാൻ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്ന് നഗരസഭ കമ്മീഷനെ അറിയിച്ചു. പരിസരവാസികൾ ചാലിലേക്ക്  മലിന ജലം തുറന്നു വിടുന്നുണ്ടെന്നും നഗരസഭയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ 5 വർഷമായി പരാതിക്കാരി ജീവിക്കുന്നത് മലിന ജലത്തിന്റെ നടുക്കാണ്. അറ്റകുറ്റപണികൾ നടത്തുന്നതിന് മുമ്പ് പരാതിക്കാരിയുടെ രേഖാമൂലമുള്ള അനുവാദം നഗരസഭ വാങ്ങിയിരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പരാതിക്കാരിയുടെ പറമ്പിലൂടെ കടന്നുപോകുന്ന ഡ്രൈനേജ് അടയ്ക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രദേശവാസി ഡോ.ലക്ഷമിനാരായണ സമർപ്പിച്ച പരാതി കമ്മീഷൻ തള്ളി. ഡ്രൈനേജിലേക്ക് നാട്ടുകാർ മലിന ജലം ഒഴുക്കി വിടരുതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close