മുക്കം: കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ലാഭകരമാക്കാന്‍ ആരംഭിച്ച പോയിന്റ് ഡ്യൂട്ടിക്കാരെ മലബാര്‍ മേഖലയില്‍ നിയമിച്ചു തുടങ്ങി. വേണ്ടത്ര യാത്രക്കാരില്ലാതെ സര്‍വിസ് നടത്തി നഷ്ട്ടം വരുന്ന അവസ്ഥ ഒഴിവാക്കുക, യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകള്‍ കണ്ടെത്തി കൂടുതല്‍ സര്‍വിസുകള്‍ നടത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനുവേണ്ടി പ്രധാനപ്പെട്ട അങ്ങാടികളില്‍ ജീവനക്കാരെ നിയമിക്കുകയാണ് ചെയ്യുന്നത്. കെ.എസ്.ആര്‍.ടി.സി യൂനിഫോമും തിരിച്ചറിയല്‍ കാര്‍ഡും ധരിച്ചായിരിക്കും ഇവര്‍ ജോലി ചെയ്യുക.
ഓരോ റൂട്ടിലേയും തല്‍സമയ വിവരങ്ങള്‍ ഇവര്‍ കെ.എസ്.ആര്‍.ടി.സി ബസ് െ്രെഡവര്‍ക്കും കണ്ടക്ടര്‍ക്കും കൈമാറും. ഇവര്‍ വിവിധ സ്റ്റാന്റുകളില്‍ നില്‍ക്കുന്നതിനാല്‍ സ്റ്റാന്‍ഡിലേക്ക് വരാനും പോകാനുമുള്ള ബസുകളെ കുറിച്ച് യാത്രക്കാരെ അറിയിക്കാനും സാധിക്കും. തിരുവനന്തപുരം ജില്ലയില്‍ തുടക്കം കുറിച്ച പദ്ധതിയാണ് ഇപ്പോള്‍ മലബാര്‍ മേഖലയിലും ആരംഭിച്ചത്.
സ്വകാര്യ ബസ് ജീവനക്കാരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അതാത് സ്റ്റാന്റുകളില്‍ നിന്ന് പോകാനും വരാനുമുള്ള ബസുകളെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ ‘പോയിന്റ് ഡ്യൂട്ടി കെ.എസ്.ആര്‍.ടി.സി’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. ഇതുവഴി ആ സ്റ്റാന്‍ഡിലേക്ക് വരുന്ന ബസുകളുടെ വ്യക്തമായ വിവരങ്ങള്‍ ലഭിക്കും.
മലബാര്‍ മേഖലയുടെ വിവിധ ഭാഗങ്ങളില്‍ പോയിന്റ് ഡ്യൂട്ടിക്കാരെ നിയമിച്ച് തുടങ്ങിയിട്ടുണ്ട്. മുക്കം, അഗസ്ത്യന്‍മുഴി, ഓമശ്ശേരി എന്നിവിടങ്ങളില്‍ തിരുവമ്പാടി ഡിപ്പോയില്‍ നിന്നുള്ള പോയിന്റ് ഡ്യൂട്ടിക്കാരെ നിയമിച്ചു.