localtop news

യുവമോര്‍ച്ച മാര്‍ച്ചിനുനേരെ ജലപീരങ്കി  റോഡ് ഉപരോധിച്ചവരെ അറസ്റ്റുചെയ്ത് നീക്കി നാലു പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രതിഷേധ വുമായി റോഡ് ഉപരോധിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്, ജില്ലാ പ്രസിഡന്റ് ടി. റെനീഷ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ടി. റെനീഷ് ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു.
അരയിടത്ത് പാലത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് മാനാഞ്ചിറ ഡിഡിഇ ഓഫീസിന് മുന്നില്‍ പോലീസ് ബാരി ക്കേഡുയര്‍ത്തി തടഞ്ഞു. പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. റെനീഷ് അദ്ധ്യക്ഷനായി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി. സുധീര്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് എന്നിവര്‍ സംസാരിച്ചു.
മാര്‍ച്ച് ഉദ്ഘാടനത്തിനുശേഷവും പോലീസ് പ്രവര്‍ത്ത കര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ അരമണിക്കൂളോളം റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് പ്രകടനമായി ബാങ്ക് റോഡില്‍ പ്രവേശിക്കുകയും സിഎച്ച് ഓവര്‍ ബ്രിഡ്ജിന് സമീപം ജംഗ്ഷനില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. സൗത്ത് അസിസ്റ്റന്റ് കമ്മീഷ ണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം റോഡ് ഉപരോധത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്, ജില്ലാ പ്രസിഡന്റ് ടി. റെനീഷ്, ജില്ലാ സെക്രട്ടറി സ്വരൂഹ് വടകര. ജില്ലാ ട്രഷറര്‍ വിപിന്‍ ചന്ദ്രന്‍, ജില്ലാ മീഡിയാ ഇന്‍ചാര്‍ജ്ജ് നിപിന്‍ കൃഷ്ണന്‍ എന്നിവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തുനീക്കി.
ജലപീരങ്കി പ്രയോഗത്തിനിടെ കണ്ണിന് പരിക്കേറ്റ ടി. റെനീഷ്, ജില്ലാ മഹിള കോ-ഓര്‍ഡിനേറ്റര്‍ അമൃത ബിന്ദു, വി.പി. നിഖില്‍, ശ്രീഹരി എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജുബിന്‍ ബാലകൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഹരിപ്രസാദ് രാജ, ലിബിന്‍ ഭാസ്‌ക്കര്‍, ജില്ല മഹിള സഹ.കോ-ഡിനേറ്റര്‍ പുണ്യ രാജേഷ്, പി. അഞ്ജു എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close