localtop news

കര്‍ഷകമോര്‍ച്ച മാര്‍ച്ചിനുനേരെ ജലപീരങ്കി; മൂന്നു പേര്‍ക്ക് പരിക്ക്

മന്ത്രി ജലീലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണം: അഡ്വ. ബി. ഗോപാലകൃഷ്ണന്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെയും മന്ത്രി കെ.ടി. ജലീലിന്റെയും രാജിയാവശ്യപ്പെട്ട് കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബിജെപി ജില്ലാ സെക്രട്ടറി ടി. ചക്രായുധന്‍, ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി, കെ.വി. യദുരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എരഞ്ഞിപ്പാലത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് കളക്‌ട്രേറ്റ് കവാടത്തില്‍ പോലീസ് ബാരിക്കേഡുയര്‍ത്തി തടയുകയും പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. പരിക്കേറ്റ പ്രവര്‍ത്തകരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.ടി. ജലീലിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വായ തുറന്നാല്‍ കെ.ടി. ജലീല്‍ കള്ളം മാത്രമാണ് പറയുന്നത്. ഓരോ ദിവസവും ചെല്ലുംന്തോറും പുതിയ പുതിയ തെളിവുകള്‍ പുറത്തുവരികയാണ്. ജലീലിനെതിരെ എന്തെങ്കിലും വരുമ്പോള്‍ ഖുര്‍ ആന്റെ പേരു പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമം. ന്യൂനപക്ഷ സംരക്ഷകരെന്ന മേലങ്കി സ്വയം എടുത്ത് അണിയുകയാണ് സിപിഎം. എന്നാല്‍ ആ ശ്രമം വിലപ്പോവില്ല. രാജിവെക്കണമെന്ന ആവശ്യവുമായാണ് സമരത്തിനിറങ്ങിയത്. രാജിവെക്കുംവരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ് അദ്ധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. വിപിന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഹരിദാസ് പൊക്കിണാരി, പി.എം. ശ്യാംപ്രസാദ്, രാമദാസ് മണലേരി, ജില്ലാ സെക്രട്ടറി ഇ. പ്രശാന്ത്കുമാര്‍, മോര്‍ച്ച ഭാരവാഹികളായ പി.കെ. ഗണേശന്‍, ശ്രീജിത്ത് കല്ലോട്, ശശിധരന്‍ നാരങ്ങയില്‍, രവിരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close