KERALAlocaltop news

ഇന്‍ക്വസ്റ്റിന് ഇനി ഡയറക്ട് എസ്‌ഐമാര്‍ മാത്രം മതി !

ഠ ഗ്രേഡ് എസ്‌ഐമാര്‍ നടത്തേണ്ടെന്ന് ഡിസിപിയുടെ കര്‍ശന നിര്‍ദേശം ഠ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക

 

കെ.ഷിന്റുലാല്‍

കോഴിക്കോട്: അസ്വാഭാവിക മരണങ്ങളില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ഡയറക്ട് എസ്‌ഐമാര്‍ മാത്രം നടത്തിയാല്‍ മതിയെന്ന് നിര്‍ദേശം. ഗ്രേഡ് എസ്‌ഐമാര്‍ വ്യാപകമായി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുന്ന സാഹചര്യത്തിലാണ് കോഴിക്കോട് സിറ്റി പോലീസ് ഡിസിപി കെ.ഇ.ബൈജു പുതിയ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങളും കേസുകളുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗ്രേഡ് എസ്‌ഐമാരെ ഇന്‍ക്വസ്റ്റ് നടപടികളില്‍
നിന്ന് മാറ്റിയത് പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സേനയിലെ ഒരു വിഭാഗം പറയുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മണിക്കൂറുകളോളമാണ് പോലീസുദ്യോഗസ്ഥന്‍ ചെലവഴിക്കേണ്ടത്. ഡയറക്ട് എസ്‌ഐമാര്‍ ഇന്‍ക്വസ്റ്റ് ചുമതല ഏറ്റെടുക്കുന്നതിലൂടെ കേസന്വേഷണവും മറ്റും തടസപ്പെടുമെന്നാണ് പറയുന്നത്.

കേസിന്റെ പ്രധാന്യത്തിനനുസരിച്ചാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു വരുന്നത്. കൊലപാതകം പോലുള്ള പ്രധാനപ്പെട്ട കേസുകളില്‍ ഡയറക്ട് എസ്‌ഐ റാങ്കിന് മുകളിലുള്ള ഓഫീസര്‍മാരാണ് ഇന്‍ക്വസ്റ്റ് നടപടി സ്വീകരിക്കാറുള്ളത്.
നിസാരമായ കേസുകളില്‍ ഇത് ഗ്രേഡ് എസ്‌ഐമാരാണ് ചെയതു വരുന്നത്. കൂടത്തായി കൊലപാതക പരമ്പരയ്ക്ക് ശേഷം വാര്‍ധക്യസഹജമായ രോഗം കാരണവും മാരകരോഗം കാരണം ചികിത്സയില്‍ കഴിയുന്നവരും മരണപ്പെട്ടാല്‍ വരെ ഇന്‍ക്വസ്റ്റ് നടത്തേണ്ട അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഗ്രേഡ് എസ്‌ഐമാര്‍ക്ക് കൂടി ചുമതല നല്‍കി വന്നിരുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് പോലീസില്‍ ഗ്രേഡ് എസ്‌ഐ തസ്തിക അനുവദിക്കുന്നത്. ഡയറക്ട് എസ്‌ഐമാര്‍ക്കുള്ള എല്ലാ അധികാരങ്ങളും ഗ്രേഡ് എസ്‌ഐമാര്‍ക്ക് നല്‍കികൊണ്ടായിരുന്നു ഇത് നടപ്പാക്കിയത്. അതേസമയം ഏതെങ്കിലും ഘട്ടത്തില്‍ അസ്വാഭാവിക മരണം വിവാദമായി മാറുകയും കൊലപാതകമാണെന്ന സംശയമുണ്ടാവുകയും ചെയ്താല്‍ കോടതിയില്‍ ഗ്രേഡ് എസ്‌ഐമാര്‍ ഇന്‍ക്വസ്റ്റ് നടത്തിയത് വീഴ്ചയായി കണക്കാക്കാനുള്ള സാധ്യതയേറെയാണ്. ഈ സാഹചര്യം കണിക്കിലെടുത്താണ് പുതിയ തീരുമാനമെടുത്തതെന്നാണ് വിവരം.

എസ്എച്ച്മാര്‍ ഗ്രേഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റാങ്കിലുള്ള പോലീസുദ്യോഗസ്ഥരെകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നത് പിഎച്ച്ക്യു സര്‍ക്കുലറിന്റെ ലംഘനമാണെന്ന നിര്‍ദേശം നേരത്തെ പുറത്തിറക്കിയിരുന്നു. പിഎച്ച്ക്യു സര്‍ക്കുലറിന്റെ ലംഘനം തന്നെയാണ് ഗ്രേഡ് എസ്‌ഐമാരെ കൊണ്ടുള്ള ഇന്‍ക്വസ്റ്റ് നടപടിയെന്നാണ് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close