തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേദനാജനകമായ സംഭവമാണിത്. കുറ്റകര്‍ക്കാതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മൂന്ന് ആശുപത്രികളാണ് ഗർഭിണിക്ക് ചികിത്സ നിഷേധിച്ചത്. പതിനാല് മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ഇരട്ടക്കുട്ടികൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കീഴ്‌ച്ചേരി സ്വദേശിനിയായ 20കാരിക്കാണ് ദുരവസ്ഥ.
ഇന്നലെ പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച യുവതിക്ക് ചികിത്സ ലഭിക്കുന്നത് വൈകിട്ട് ആറ് മണിക്കാണ്. ഇതിന് പിന്നാലെ സ്വകാര്യ ആശുപത്രികളിലും യുവതി ചികിത്സ തേടി എത്തി.
എന്നാൽ ചികിത്സ നിഷേധിക്കുകയായിരുന്നു. തുടർന്ന് ആറ് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയുമായിരുന്നു. പ്രസവത്തോടെ കുഞ്ഞുങ്ങൾ മരിച്ചു.