localtop news

പെരിഞ്ചേരി കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നു

കൃഷിഭൂമിക്ക് ഉപ്പുവെള്ളത്തില്‍ നിന്ന് സംരക്ഷണം: നാടിന് കുടിവെള്ളവും

കൊയിലാണ്ടി: കൃഷിഭൂമിക്ക് ഉപ്പുവെള്ളത്തില്‍ നിന്ന് സംരക്ഷണവും നാടിന് കുടിവെള്ള ലഭ്യതയും ഉറപ്പുവരുത്തി കുറ്റ്യാടി പുഴയിലെ പെരിഞ്ചേരി കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് ഒരുങ്ങുന്നു. പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.

കൊയിലാണ്ടി-വടകര താലൂക്കുകളെ ബന്ധിപ്പിച്ച് ഗുളികന്‍പുഴ പാലത്തിന് 2 കി. മീറ്റര്‍ താഴെയാണ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 68.36 കോടി അനുവദിച്ച പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് ജലവിഭവ വകുപ്പിന്റെ നിര്‍വഹണ ഏജന്‍സിയായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ്.

61.13 കോടി രൂപക്ക് കണ്‍സോര്‍ഷ്യം ഓഫ് ടിബിഎഎസ് ആന്റ് ഇകെകെ കണ്‍സ്ട്രക്ഷന്‍ ആണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 18 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിര്‍ദ്ദിഷ്ട പാലത്തിന്റെ നീളം 96 മീറ്ററാണ്. 12 മീറ്റര്‍ വീതം നീളമുള്ള 6 സ്പാനുകളും 10 മീറ്റര്‍ ക്ലിയര്‍ സ്പാനുള്ള ലോക്കും പദ്ധതിയുടെ പ്രത്യേകതയാണ്. 6.5 മീറ്റര്‍ വീതിയില്‍ ഇരുകരകളിലും അപ്രോച്ച് റോഡ് നിര്‍മ്മിക്കും. ഇതിനായി ഇരുകരകളിലുമായി 90 സെന്റ്് സ്ഥലം ഏറ്റെടുക്കുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ദുര്‍ബലമായ നദീതീരങ്ങളുടെ സംരക്ഷണത്തിനായി കോണ്‍ക്രീറ്റ്-കരിങ്കല്‍ ഭിത്തികളും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. 2 മീറ്റര്‍ നീളമുള്ള 6 ഷട്ടറുകളും ലോക്ക് ഭാഗത്തായി 2 ഷട്ടറുകളും ഇതിലുണ്ട്.

പൂര്‍ണ്ണമായും വൈദ്യുതിയിലാണ് ഷട്ടറുകള്‍ പ്രവര്‍ത്തിക്കുക. ഇതിനായി ജനറേറ്റര്‍ സംവിധാനം ഒരുക്കും.

പദ്ധതി നടപ്പാക്കുന്നതോടെ കുരങ്കോടും ഗുളികപ്പുഴ പാലത്തിനു സമീപവുമുള്ള പ്രദേശങ്ങളിലുമുള്ള ജലവിഭവ വകുപ്പ് പമ്പിങ് സ്റ്റേഷനുകളില്‍ കുടിവെള്ള ലഭ്യത ഉറപ്പു വരുത്താനാകും. പ്രദേശത്തെ ഭൂഗര്‍ഭ ജലലഭ്യത വര്‍ധിപ്പിക്കുന്നതിനാല്‍ സമീപപ്രദേശത്തെ ജലസ്രോതസുകളിലെ ജലവിതാനം ഉയരുന്നതിന് സഹായമാകും. 1,720 ഹെക്ടര്‍ ആയക്കെട്ട് പ്രദേശത്ത് ജലസേചന സൗകര്യം പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. വടകര നഗരസഭയിലും സമീപ പഞ്ചായത്തുകളായ വേളം, ചെറുവണ്ണൂര്‍ എന്നിവിടങ്ങളിലും ഉപ്പുവെള്ളം കയറുന്നത് പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തടയാന്‍ കഴിയും. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചെറുവണ്ണൂര്‍ പഞ്ചായത്തും കുറ്റ്യാടി മണ്ഡലത്തിലെ വേളം, തിരുവള്ളൂര്‍ പഞ്ചായത്തും തമ്മില്‍ ബന്ധിപ്പിച്ചാണ് പാലം നിര്‍മ്മിക്കുന്നത്.

ഉപ്പുവെള്ളം കയറി തുലാട്ടുനട, ആവളപാണ്ടി ഉള്‍പ്പെടുന്ന വിവിധ പഞ്ചായത്തുകളിലെ കൃഷിസ്ഥലങ്ങളിലുള്ള നെല്‍കൃഷി നശിക്കുന്നതിനു പരിഹാര നടപടിയായി നാവിഗേഷന്‍ ലോക്കോടു കൂടിയ റെഗുലേറ്റര്‍ കം- ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനുള്ള റിപ്പോര്‍ട്ടാണ് ജലസേചന വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. ഇതിനുള്ള പരിഹാരമാണ് പദ്ധതി പൂര്‍ത്തീകരണത്തിലൂടെ സാധ്യമാകുന്നത്. ഉദ്ഘാടന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close