KERALAlocaltop news

കൊയിലാണ്ടി ഹാര്‍ബര്‍ വഴി 500 കോടി രൂപയുടെ മത്സ്യോത്പാദനത്തിന് സാഹചര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി

കൊയിലാണ്ടി തുറമുഖം നാടിന് സമര്‍പ്പിച്ചു

കൊയിലാണ്ടി : തുറമുഖം കമ്മീഷന്‍ ചെയ്യുന്നതോടെ പ്രതിവര്‍ഷം 500 കോടി രൂപ വിലമതിക്കുന്ന ഇരുപതിനായിരം ടണ്‍ മത്സ്യോല്‍പാദനത്തിന് സാഹചര്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊയിലാണ്ടി തുറമുഖത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊയിലാണ്ടിയിലെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന പത്തൊമ്പതിനായിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മണ്‍സൂണ്‍ കാലത്തെ പ്രതികൂല കാലാവസ്ഥയില്‍പ്പോലും ഇനി മത്സ്യബന്ധനം നടത്താന്‍ സാധിക്കും. കടല്‍ പ്രക്ഷുബ്ധമാകുന്ന അവസരങ്ങളില്‍ യാനങ്ങള്‍ക്ക് സുരക്ഷിതമായി നങ്കൂരമിടാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ സ്വന്തം സേനയായാണ് കേരളം അംഗീകരിച്ചത്. തീരദേശ പശ്ചാത്തല സൗകര്യ വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. മത്സ്യബന്ധന തുറമുഖ നിര്‍മ്മാണം, പാരമ്പര്യേതര രീതിയിലുള്ള തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തീരദേശ റോഡ് നിര്‍മ്മാണം തുടങ്ങി ഒട്ടേറെ പദ്ധതികളാണ് ഈ കാലയളവില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ഏറ്റെടുത്ത് നടപ്പിലാക്കാന്‍ സാധിച്ചത്.
സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് 24 മത്സ്യബന്ധന തുറമുഖങ്ങളില്‍ 13 എണ്ണം മാത്രമാണ് പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത് മത്സ്യത്തൊഴിലാളി സമൂഹത്തിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. അതിനാല്‍ പുതിയ തുറമുഖങ്ങള്‍ ആരംഭിക്കുന്നതിന് പകരം നിലവിലുള്ളത് പ്രവര്‍ത്തന സജ്ജമാക്കി. ഇത് മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമായി.
രണ്ട് തുറമുഖങ്ങള്‍കൂടി കമ്മീഷന്‍ ചെയ്തതോടെ പൂര്‍ണ്ണമായി സജ്ജമായ തുറമുഖങ്ങളുടെ എണ്ണം 18 ആയി. ഇതിനുപുറമേ ചെല്ലാനം, വെള്ളയില്‍, താനൂര്‍ തുറമുഖങ്ങള്‍ കൂടി ഈ വര്‍ഷം കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണം മുന്‍കാലങ്ങളില്‍ കേന്ദ്ര സഹായത്തോടുകൂടിയുള്ള പദ്ധതികളായാണ് നടപ്പിലാക്കിയിരുന്നത്. പദ്ധതികള്‍ക്ക് 50 മുതല്‍ 75 ശതമാനം വരെ സഹായം ലഭിച്ചിരുന്നു. പിന്നീട് കേന്ദ്ര സഹായത്തില്‍ കുറവ് വന്നു. അതിനാല്‍ ഹാര്‍ബര്‍ ഉള്‍പ്പെടെയുള്ള പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം തനതു രീതിയില്‍ തന്നെ പണം കണ്ടെത്തേണ്ടി വരുന്നു.
തീരദേശ പശ്ചാത്തല സൗകര്യ വികസനത്തിനായി മഞ്ചേശ്വരം ഹാര്‍ബര്‍ പദ്ധതിക്ക് വേണ്ടി ചെലവഴിച്ച 17.80 കോടി രൂപ ഉള്‍പ്പെടെ ഈ ഘട്ടത്തില്‍ 57.14 കോടി രൂപയുടെ കേന്ദ്രവിഹിതം ഇതുവരെ ലഭിച്ചിട്ടില്ല.  ഇത്തരത്തില്‍ പണം ലഭിച്ചില്ലെങ്കിലും പദ്ധതികളൊന്നും പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അതിനാലാണ് മുന്‍കൂറായി തന്നെ പണം ചെലവഴിച്ച് ഇത്തരം പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ താല്പര്യം എടുക്കുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയും സഹകരണവും ഉണ്ടാകണം. കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍  ജനങ്ങള്‍ ശാരീരിക അകലം പാലിച്ച് ബ്രേക്ക് ദ ചെയിന്‍ സംവിധാനം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ അധ്യക്ഷത വഹിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ഹാര്‍ബറിന്റെ നിര്‍മ്മാണം 66.07 കോടി രൂപ ചെലവിലാണ് പൂര്‍ത്തീകരിച്ചത്. ഹാര്‍ബറില്‍ 2,515 മീറ്റര്‍ നീളമുള്ള പുലിമുട്ടുകള്‍, 180 മീറ്റര്‍ നീളമുള്ള വാര്‍ഫുകള്‍, 510 ച.മീ വിസ്തൃതിയുള്ള ലേലഹാള്‍, ലൈറ്റിംഗ് സംവിധാനങ്ങള്‍, അഴുക്കുചാലുകള്‍,  ജലലഭ്യത, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍, കടമുറികള്‍ തുടങ്ങിയ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഡീസല്‍ ബങ്കിന്റെ പ്രവൃത്തി 50% പൂര്‍ത്തിയായി. പുലിമുട്ടുകളുടെ നീളത്തില്‍ കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാണിത്. തെക്കേ പുലിമുട്ടിന് 915 മീറ്റര്‍ നീളവും വടക്ക് ഭാഗത്ത് 1600 മീറ്റര്‍ നീളവുമുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊയിലാണ്ടി ഹാര്‍ബറില്‍ നടന്ന പ്രാദേശിക പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, കെ. മുരളീധരന്‍ എം.പി, എം.എല്‍.എമാരായ കെ.ദാസന്‍, സി.കെ.നാണു എന്നിവര്‍ മുഖ്യാതിഥികളായി. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ശോഭ, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ.പത്മിനി, സ്ഥിരം സമിതി അംഗം ദിവ്യ സെല്‍വരാജ്, കൗണ്‍സിലര്‍മാരായ വി.പി.ഇബ്രാഹിം കുട്ടി, റഹ്മത്ത്, മത്സ്യബന്ധന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ചീഫ് എഞ്ചിനീയര്‍ ബി.ടി.വി. കൃഷ്ണന്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കുഞ്ഞമമ്മു പറവത്ത്, മുന്‍ എംഎല്‍എ പി.വിശ്വന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.പി കുഞ്ഞിരാമന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close