ലക്നൗ: ഹാത്രാസില്‍ 19കാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് യു പി സര്‍ക്കാര്‍. രാജ്യമെമ്പാടും ജനരോഷം ഉയര്‍ന്നതോടെ ഹാത്രാസ് എസ് പിയും ഡി എസ് പിയും ഉള്‍പ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നു യു പി സര്‍ക്കാര്‍.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രിയില്‍ യാതൊരു അന്ത്യകര്‍മ മര്യാദയും പാലിക്കാതെ പോലീസ് സംസ്കരിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈകി നല്കിയ ഉറപ്പ്.
ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കും വരെ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഡല്‍ഹി ജന്തര്‍ മന്ദറില്‍ വലിയ പ്രക്ഷോഭമാണ് അരങ്ങേറുന്നത്.