കൊയിലാണ്ടി: സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശുഭൂമിയിൽ കൃഷി ചെയ്ത നെല്ല് സംസ്കരിച്ച് അരിയാക്കി വിപണനമാരംഭിച്ചു. മൂടാടി പഞ്ചായത്തിലെ രണ്ടാം വാർഡിലും മൂന്നാം വാർഡിലുമായി ജവാൻ കർഷക ഗ്രൂപ്പ് കൃഷി ചെയ്ത ആതിര ഇനം നെല്ലാണ് സംസ്കരിച്ച് തവിടു കളയാത്ത അരിയാക്കി വിപണനത്തിന് തയ്യാറായത്. വിളവെടുപ്പ് സമയത്തുണ്ടായ അപ്രതീക്ഷിത മഴ, കൃഷി നഷ്ടമാകുമോ എന്ന ഭീതി സൃഷ്ടിച്ചിരുന്നു. എന്നാൽ ജവാൻ കർഷക ഗ്രൂപ്പ് അംഗങ്ങൾ രാവും പകലും അത്യദ്ധ്വാനം ചെയ്താണ് നെല്ല് കൊയ്ത്, മെതിച്ച് സംസ്കരിച്ച് അരിയാക്കി നഷ്ടം ഒഴിവാക്കിയത്. ഇന്ന് അരി വിപണിയിലെത്തിയപ്പോൾ നിറഞ്ഞ സംതൃപ്തിയാണെന്ന് ഗ്രൂപ്പ് അംഗങ്ങൾ പറയുന്നു.
ജവാൻ കർഷക ഗ്രൂപ്പിൻ്റെ അരി വില്പനയോടെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉല്പാദിപ്പിച്ച പഞ്ചായത്തിലെ ആദ്യ ഉല്പന്നമാണ് വിപണിയിലെത്തുന്നത്. ആദ്യ വില്പന മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ജീവാനന്ദൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. കൃഷി ഓഫീസർ കെ.വി. നൗഷാദ്, ജവാൻ കർഷക ഗ്രൂപ്പ് കൺവീനർ സത്യൻ ആമ്പിച്ചിക്കാട്ടിൽ, കെ.ആർ.കെ.രാധാകൃഷ്ണൻ , ശ്രീധരൻ അക്ഷയ, ചന്ദ്രൻ ആമ്പിച്ചിക്കുളം, ചന്ദ്രൻ ആമ്പിച്ചിക്കാട്ടിൽ, ശ്രീധരൻ പറമ്പിൽ, ജയവല്ലി ആമ്പിച്ചിക്കാട്ടിൽ, കുഞ്ഞിക്കണാരൻ പാലുക്കുറ്റി, അമ്മാളു പാലൂക്കുറ്റി, ഉണ്ണികൃഷ്ണൻ കാട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.
തവിടു കളയാത്ത അരി ആവശ്യമുള്ളവർ കൺവീനറുമായി നേരിട്ട് ബന്ധപ്പെടുക
സത്യൻ : 9895366224.