ബാബു ചെറിയാൻ
കോഴിക്കോട്: റെന്‍റ് എ കാർ സ്ഥാപനത്തിന്‍റെ മറവിൽ തൃശൂർ സ്വദേശികൾ തട്ടിയെടുത്ത കോഴിക്കോട് തിരുവമ്പാടി സ്വദേശിയുടെ കാർ ആലുവ വടക്കൻപറവൂരിൽ നിന്ന് പോലീസ് വീണ്ടെടുത്തു.
തിരുവമ്പാടി പാലക്കടവ് സ്വദേശി തെങ്ങുംമൂട്ടിൽ അരുൺ.ടി. ജോയിയുടെ ഉടമസ്ഥതയിലുള്ള KL 57 P 8528 നമ്പർ ടാറ്റാ ബോൾട്ട് കാറാണ് ആലുവ വടക്കൻപറവൂർ ചെറായി സ്വദേശി ഈരേഴത്ത് മിഥുൻ്റെ വീട്ടിൽ നിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്.
കോടതി നടപടികൾ പൂർത്തിയാക്കി കാർ ഇന്ന് അരുണിന് വിട്ടുനൽകി.
എയർഫോഴ്സ് ഉദ്യോഗസ്ഥനെന്നും വിമുക്തഭടനെന്നും അവകാശപ്പെടുന്ന മിഥുൻ, അരുണിൻ്റെ ടാക്സികാർ നമ്പർപ്ലേറ്റ് മാറ്റി പ്രൈവറ്റ് കാറിൻ്റെ നമ്പർപ്ലേറ്റ് ഘടിപ്പിച്ച് ഉപയോഗിച്ചുവരികയായിരുന്നു. ടാക്സി വാഹനത്തിൻ്റെ ഇൻഷുറൻസ് , സ്വകാര്യ വാഹനത്തിൻ്റെതായി അടുത്തിടെ മിഥുൻ പുതുക്കിയതാണ് ഒരു വർഷത്തിലധികമായി കണ്ടെത്താനാവാതിരുന്ന കാറിനെക്കുറിച്ച് സൂചന ലഭിക്കാൻ കാരണം. എറണാകുളം മുൻ എസ്പിയായ കോഴിക്കോട് സിറ്റി പോലീസ് കമീഷണർ ഡിഐജി എ.വി ജോർജ് സംഭവത്തിൽ ഇടപെട്ടതോടെയാണ് മൂന്നുദിവസത്തിനകം കാർ കസ്റ്റഡിയിലെടുത്തത്. എ.വി ജോർജിൻ്റെ ഇടപെടലിനെതുടർന്ന് ആലുവ ഡിവൈഎസ്പി ബിനാനിപുരം ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകുകയും, മിഥുൻ ഇൻഷുറൻസ് അടച്ച 94000574 24 മൊബൈൽ നമ്പറിനെ പിന്തുടർന്ന് കാർ കണ്ടെത്തുകയുമായിരുന്നു. കാർതട്ടിപ്പു സംഘവുമായി ബന്ധമുള്ളതായി സംശയിക്കുന്ന ബിനാനിപുരം പോലീസിലെ ചിലർക്ക് എതിരെ മധ്യമേഖല ഐജി അന്വേഷണം ആരംഭിച്ചതായി അറിയുന്നു. ബിനാനി പുരം പോലീസ് സ്റ്റേഷൻ്റെ തൊട്ടടുത്ത് കാർ ഉണ്ടായിട്ടും പിടികൂടാതെ ഒത്തുകളിച്ചതായി സംശയിക്കുന്നു. ഡി ഐജിയുടെ ഇടപെടലിനെ തുടർന്ന് നിവൃത്തിയില്ലാതെ കസ്റ്റഡിയിൽ എടുക്കേണ്ടിവന്ന കാർ അരുണിന് തിരികെ ലഭിക്കുന്നതിൽ പോലീസ് മന:പൂർവം കാലതാമസം വരുത്തിയതിനെക്കുറിച്ച് സ്പെഷൽബ്രാഞ്ച് മധ്യമേഖല ഐജിക്ക് റിപ്പോർട്ട് നൽകിയതായാതയാണ് വിവരം. കാർ തട്ടിപ്പു സംഘത്തിലെ പ്രതികളെ എത്രയും വേഗം ‘ പിടികൂടി, ബാക്കിയുള്ള കാറുകൾ കസ്റ്റഡിയിലെടുക്കാൻ ഉന്നത പോലീസ് നേതൃത്വം ബിനാനി പുരം പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അരുണിൽ നിന്ന് കാർ തട്ടിയെടുത്ത റെൻ്റ് എ കാർ സ്ഥാപനഉടമകളും മിഥുനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അരുണിൻ്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാറിലുണ്ടായിരുന്ന അരുണിൻ്റെ തിരിച്ചറിയൽ കാർഡും, കാറിൻ്റെ ആർ സിയും ഉപയോഗിച്ച് മിഥുൻ വ്യാജരേഖ ചമച്ചു എന്നാരോപിച്ച് അരുൺ ബിനാനിപുരം പോലീസിൽ നൽകിയ പരാതിയിലും പോലീസ് ഇൻറലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. വിഷയം മധ്യമേഖല ഐ ജി ഹർഷിത അട്ടല്ലൂരിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ
നിന്ന് നൂറോളം ആഡംബര കാറുകൾ സർവീസ് നടത്തുന്നതിനായി ഉടമകൾ ആലുവയിലെ “സ്പാൻ കാർ’ എന്ന റെന്‍റ് എ കാർ സ്ഥാപനത്തിന് കൈമാറിയിരുന്നു. റെന്‍റ് എ കാർ നടത്തിപ്പുകാരായ തൃശൂർ പുറനാട്ടുകര സ്വദേശി ചാത്തകൂടത്ത് വീട്ടിൽ സി.എ.ജിനീഷ്( 35), തൃശൂർ ഈസ്റ്റ്ഫോർട്ട് കിഴക്കുംപാട്ടുകര സ്വദേശി രേവതി നിവാസിൽ വി.എം.സിനോയ്( 37) എന്നിവർ ഇത്തരം നൂറോളം കാറുകൾ സംസ്ഥാനത്തെ വിവിധ പണമിടപാടുസ്ഥാപനങ്ങളിൽ പണയത്തിനുവച്ച് കോടിക്കണക്കിന് രൂപയുമായി മുങ്ങുകയായിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ ഫെബ്രുവരി 25 മുതൽ സ്വിച്ച്ഡ്ഓഫ് ആണ്. കാർ ഉടമകൾ നൽകിയ പരാതിയിൽ സിനോയിയുടെ ഭാര്യയും പ്രതിയാണ്. മൂവരേയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ബിനാനി പുരം പോലീസ് പറയുന്നത്. മിഥുനിൻ്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത അരുണിൻ്റെ കാറിൽ ”എയർഫോഴ്സ്” സ്റ്റിക്കർ പതിച്ചിട്ടുണ്ട്. മോഷണ വാഹനം ആണെന്ന് അറിഞ്ഞിട്ടും അത് വാങ്ങി യഥാർത്ഥ ഉടമയുടെ വ്യാജരേഖ ചമച്ച് തട്ടിപ്പിന് കൂട്ടുനിന്ന മിഥുനെതിരെ എയർഫോഴ്‌സ് മേധാവികൾക്ക് അരുൺ പരാതി അയച്ചു. ഇതിനിടെ മുട്ടനാടുകളെ .വിൽപ്പനയ്ക്ക്’ എന്നപേരിൽ മിഥുൻ്റെ ഫേസ്ബുക്ക് പേജിൽ പരസ്യം നൽകിയതായും പോലീസ് കണ്ടെത്തി.’ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കാർതട്ടിപ്പ് സംഘത്തെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് ഉന്നതപോലീസ്.
പ്രതിമാസം നിശ്ചിത തുക ഉടമയക്ക് നൽകുമെന്ന കരാറിലാണ് ഇവർ ഓരോ കാറുകളും കൈക്കലാക്കിയത്. കുറച്ചുകാലം പ്രതിമാസ തുക കൃത്യമായി ഉടമകളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. ഇൻഷുറൻസ് പുതുക്കൽ തുടങ്ങി വിവിധ ആവശ്യങ്ങൾ പറഞ്ഞാണ് ഉടമക
ളിൽ നിന്ന് വാഹനത്തിന്‍റെ ആർസികൾ കൈക്കലാക്കിയത്. ഇതിന്‍റെ ഇൻഷുറൻസ് ക്ളെയിം ചെയ്യാനെന്ന പേരിലാണ് അരുണിൽനിന്ന് ആർസി കൈക്കലാക്കിയത്. നഷ്ടപ്പെട്ട നൂറോളം കാറുകളിൽ ചിലത് സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിൽ പണയംവച്ച് ലക്ഷക്കണക്കിന് രുപ സംഘം തട്ടിയെടുത്തിട്ടുണ്ട്. ഇങ്ങനെ പണയം വച്ച കാറുകളിൽ കുറേ ഉടമകളുടെ സഹായത്തോടെ ബിനാനിപുരം പോലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു.മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്.