Sports
ലോകകപ്പ് യോഗ്യതാ റൗണ്ട്: ബ്രസീലും അര്‍ജന്റീനയും ജയിച്ചു
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍, അര്‍ജന്റീന, പരാഗ്വെ, ഇക്വഡോര്‍ ടീമുകള്‍ക്ക് ജയം. ബ്രസീല്‍ 4-2ന് പെറുവിനെ തകര്‍ത്തപ്പോള്‍ ഇക്വഡോര്‍ 4-2ന് ഉറുഗ്വെയെ അട്ടിമറിച്ചതും ശ്രദ്ധേയമായി. ബൊളിവിയയുടെ തട്ടകത്തില്‍ അര്‍ജന്റീന 15 വര്‍ഷത്തിന് ശേഷമാണ് ജയിക്കുന്നത് (2-1). പരാഗ്വെ 1-0ന് വെനസ്വെലയെ വീഴ്ത്തിയപ്പോള്‍ ചിലിയും കൊളംബിയയും രണ്ട് ഗോള്‍ വീതം നേടി പിരിഞ്ഞു.
ആദ്യ രണ്ട് കളികളും ജയിച്ച ബ്രസീലും അര്‍ജന്റീനയും ഒന്നും രണ്ടും സ്ഥാനത്ത്. കൂടുതല്‍ ഗോളുകള്‍ അടിച്ചതിന്റെ കണക്കില്‍ ബ്രസീലിന് വ്യക്തമായ മുന്‍തൂക്കം അര്‍ജന്റീനക്ക് മേലുണ്ട്. ഒമ്പത് ഗോളുകളാണ് മഞ്ഞപ്പട നേടിയത്. അര്‍ജന്റീന മൂന്ന് ഗോളുകളും.
ആറാം മിനുട്ടില്‍ ആന്ദ്രെ കാരിലോ ഗോളടിച്ചപ്പോള്‍ ബ്രസീല്‍ ഞെട്ടി. ഇരുപത്തെട്ടാം മിനുട്ടില്‍ നെയ്മര്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ബ്രസീല്‍ ഒപ്പമെത്തി. അമ്പത്തൊമ്പതാം മിനുട്ടില്‍ റെനാറ്റോ താപിയ പെറുവിനെ വീണ്ടും മുന്നിലെത്തിച്ചു. അറുപത്തിനാലാം മിനുട്ടില്‍ റിചാര്‍ലിസന്റെ ഗോളില്‍ ബ്രസീല്‍ സമനില നേടി. എണ്‍പത്തിമൂന്നാം മിനുട്ടില്‍ നെയ്മര്‍ വീണ്ടും പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു (3-2). ഇഞ്ചുറി ടൈമില്‍ നെയ്മര്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കി. പെറുവിന് അവസാന നാല് മിനുട്ടിനിടെ രണ്ട് കളിക്കാരെ ചുവപ്പ് കണ്ട് നഷ്ടമായി.
സമുദ്രനിരപ്പില്‍ നിന്ന് 3650 മീറ്റര്‍ ഉയരത്തിലുള്ള ബൊളിവിയയിലെ സ്റ്റേഡിയത്തില്‍ അര്‍ജന്റീനക്ക് പലപ്പോഴും ജയിക്കാനായിരുന്നില്ല എന്ന് മാത്രമല്ല, തോല്‍ക്കുകയും ചെയ്തു. പതിവ് പോലെ ബൊളിവിയ ആദ്യം ഗോളടിച്ച് ഞെട്ടിച്ചു. ഇരുപത്തിനാലാം മിനുട്ടില്‍ മാര്‍ട്ടിന്‍സാണ് സ്‌കോര്‍ ചെയ്തത്. യുവതാരം ലൗട്ടാറോ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീന ആദ്യപകുതിയിലെ അവസാന മിനുട്ടില്‍ ഗോള്‍ മടക്കി. എഴുപത്തൊമ്പതാം മിനുട്ടില്‍ കോറിയവിജയഗോളടിച്ചു.