localOtherstop news

കാപ്പാട് ഇനി മാലിന്യമുക്ത തീരം, ബ്ലൂ ഫ്‌ലാഗ് അന്താരാഷ്ട്ര അംഗീകാരം, ലോക ടൂറിസം ഭൂപടത്തില്‍ കാപ്പാട് ബീച്ചും ഇടം നേടി

കോഴിക്കോട്: കാപ്പാട് ബീച്ചിന് ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫിക്കറ്റ് നേട്ടം. പരിസ്ഥിതി സൗഹൃദപരമായ നിര്‍മ്മിതികള്‍, കുളിക്കുന്ന കടല്‍വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാമാനദണ്ഡങ്ങള്‍, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഭിന്നശേഷിസൗഹൃദമായ പ്രവേശനം തുടങ്ങി 33 ബ്ലൂ ഫ്‌ലാഗ് മാനദണ്ഡങ്ങള്‍ കടന്നാണ് കാപ്പാട് ബീച്ചിന്റെ അഭിമാനനേട്ടം. ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ നല്‍കുന്ന ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫിക്കേഷനാണ് കാപ്പാടിന് ലഭിച്ചത്.

കൊയിലാണ്ടി എംഎല്‍എ കെ.ദാസന്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ സാംബശിവറാവു നോഡല്‍ ഓഫീസറുമായുള്ള ബീച്ച് മാനേജ്മന്റ് കമ്മിറ്റിയുടെ മികച്ച പ്രവര്‍ത്തനമാണ് ബീച്ചിന്റെ നേട്ടത്തിന് വഴിയൊരുക്കിയത്. ഡല്‍ഹി ആസ്ഥാനമായിട്ടുള്ള എ2 ഇസഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ മാനേജ്‌മെന്റ് ആണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന് കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഇതിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ എട്ട് കോടി രൂപ വകയിരുത്തിയിരുന്നു.

മാലിന്യമുക്ത തീരം, സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം എന്നിവയാണ് മാനദണ്ഡങ്ങളില്‍ പ്രധാനം. കാപ്പാട് തീരം എപ്പോഴും വൃത്തിയുള്ളതാക്കി മാറ്റാന്‍ 30 വനിതകളാണ് ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തീരത്തെ ചപ്പുചവറുകളെല്ലാം ദിവസവും ഇവര്‍ നീക്കം ചെയ്യുകയും പ്രദേശം വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്.

കാപ്പാട് വാസ്‌കോഡി ഗാമാസ്തൂപത്തിന് സമീപത്തുനിന്ന് തുടങ്ങി വടക്കോട്ട് 500 മീറ്റര്‍ നീളത്തില്‍ വിവിധ വികസന പ്രവൃത്തികള്‍ നടത്തിയിരുന്നു. ഉയര്‍ന്ന നിലവാരമുള്ള ടോയ്‌ലെറ്റുകള്‍, നടപ്പാതകള്‍, ജോഗിങ് പാത്ത്, സോളാര്‍ വിളക്കുകള്‍, ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും 200 മീറ്റര്‍ നീളത്തില്‍ കടലില്‍ കുളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. കടലില്‍ കുളി കഴിഞ്ഞെത്തുന്നവര്‍ക്ക് ശുദ്ധവെള്ളത്തില്‍ കുളിക്കാനും വസ്ത്രം മാറാനും സൗകര്യമുണ്ട്. തീരത്തെ കടല്‍വെള്ളം വിവിധ ഘട്ടങ്ങളില്‍ പരിശോധിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. ലോക ടൂറിസം ഭൂപടത്തില്‍ ജില്ലയുടെ അഭിമാനമായി ഇതോടെ കാപ്പാട് ബീച്ചും ഇടം നേടിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close